രാജ്യസഭ സീറ്റ്: ഹൈകമാൻഡ് ഇടപടണമെന്ന് ഷാനിമോൾ ഉസ്മാൻ
കൊച്ചി: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടിയിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു. ഇന്ന് ചേരാനിരിക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെക്കണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. പ്രവർത്തകരുടെ വിശ്വാസം നേടാനായി തിരുത്തൽ നടപടികളെടുക്കാൻ ഹൈകമാൻഡ് ഇടപെടണം. നേതാക്കളുടെ തന്നിഷ്ടം അംഗീകരിപ്പിക്കാൻ വിളിച്ചു ചേർത്ത യോഗം മാറ്റിവെക്കണമെന്നും അവർ വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയ തീരുമാനത്തിൽ കൂടിയാലോചന ഉണ്ടായില്ലെന്ന് യു.ഡി.എഫ് സെക്രട്ടറി ജോണിനെല്ലൂർ പ്രതികരിച്ചു. അതിനാൽ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
രാജ്യസഭയിൽനിന്ന് വിരമിക്കുന്ന ഉപാധ്യക്ഷൻ പി.ജെ. കുര്യൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ചതടക്കം കോൺഗ്രസിൽനിന്ന് ഉയരുന്ന കടുത്ത പ്രതിഷേധങ്ങൾ വകവെക്കാതെയാണ് ഒഴിവുവരുന്ന രാജ്യസഭ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. കെ.പി.സി.സി മുൻപ്രസിഡൻറ് വി.എം. സുധീരനെപ്പോലുള്ള മുതിർന്ന നേതാക്കളും കടുത്ത വിമർശനം ഉയർത്തി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസിനുള്ളിൽ സീറ്റ് തർക്കം മുറുകിയതിനിടയിൽ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് രാജ്യസഭ സീറ്റ് വിട്ടുകൊടുത്ത് കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരിച്ചെത്തിക്കുന്ന പ്രഖ്യാപനം വന്നത്.
കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവർ മുന്നോട്ടുവെച്ച നിർദേശം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ഇൗ ധാരണ രൂപപ്പെടുത്തിയ ശേഷമാണ് മൂവരും രാഹുലിനെ കണ്ടത്. ഇൗ തീരുമാനമെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ച മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും കേരള കോൺഗ്രസ് വൈസ് ചെയർമാൻ േജാസ് കെ. മാണിയും രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ പെങ്കടുത്തിരുന്നു.
കേരള കോൺഗ്രസ് ഇല്ലാത്ത യു.ഡി.എഫിന് പ്രസക്തിയില്ലെന്നിരിക്കെ, വിട്ടുവീഴ്ചകൾ അനിവാര്യമാണെന്ന് സംസ്ഥാന നേതൃനിര ഹൈകമാൻഡിനോട് വിശദീകരിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.