കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ കുറ്റപ്പെടുത്തിയ പി.വി. അൻവറിനെതിരെ രൂക്ഷ വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അൻവർ പി.സി. ജോർജിന്‍റെ നിലവാരത്തിൽ എത്തിയെന്ന് പറഞ്ഞ ഉണ്ണിത്താൻ, നാവടക്കണമെന്ന് ആവശ്യപ്പെട്ടു. അൻവറിന്‍റെ ഭീഷണിക്ക് പാർട്ടി വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെ കുറിച്ച് അൻവർ പറഞ്ഞതും ഇപ്പോൾ പറയുന്നതും എന്താണെന്ന് പൊതുസമൂഹത്തിന്‍റെ മുമ്പിലുണ്ട്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എയെ കുറിച്ചും വി.ഡി. സതീശനെ കുറിച്ചും പറഞ്ഞത് മുമ്പിലുണ്ട്. ഇതെല്ലാം പൊറുക്കാനും സഹിക്കാനും തയാറായാണ് അൻവറിനെ സഹകരിപ്പിക്കാൻ തീരുമാനിച്ചത്.
കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം വന്ന ശേഷം കോൺഗ്രസിനെ ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനും മുൾമുനയിൽ നിർത്തി ആവശ്യങ്ങൾ അംഗീകരിപ്പിക്കാനും നടത്തുന്ന ശ്രമങ്ങൾ പാർട്ടിയോ യു.ഡി.എഫോ ഒരു കാരണവശാലും അംഗീകരിക്കില്ല. കോൺഗ്രസ് അല്ലാ ശാന്തമാകേണ്ടതെന്നും അൻവർ സ്വയം ശാന്തമാകണമെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.
കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും നേതാക്കളും അടക്കമുള്ളവർ ചർച്ച ചെയ്താണ് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥിയാക്കിയത്. ഈ സ്ഥാനാർഥിക്ക് ആർക്ക് വേണമെങ്കിലും പിന്തുണ നൽകാം. ഒരു വ്യക്തിയെയോ സംഘടനയെയോ യു.ഡി.എഫിൽ എടുക്കണമെങ്കിൽ ചർച്ച അനിവാര്യമാണ്. ഒരാൾക്ക് മാത്രമായി തീരുമാനിക്കാൻ സാധിക്കുന്നതല്ല.
എൽ.ഡി.എഫ് സ്ഥാനാർഥി തോൽക്കണമെങ്കിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കണം. ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റുമെന്ന് വിചാരിക്കുന്നുണ്ടോ?. സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണ്. യു.ഡി.എഫിനോട് ചെയ്യാവുന്ന എല്ലാ കാര്യങ്ങൾ അൻവർ ചെയ്യുകയും പറയുകയും ചെയ്തു കഴിഞ്ഞുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.