നിലമ്പൂരിലേത് അനാവശ്യ ഉപതെരഞ്ഞെടുപ്പെന്ന് ആവർത്തിച്ച് ബി.ജെ.പി; കെട്ടിവെച്ച കാശ് പോയി, കുറഞ്ഞത് 3,636 വോട്ടുകൾ

തിരുവനന്തപുരം: കേരള ജനതക്ക് മേൽ അടിച്ചേൽപ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരിൽ നടന്നതെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 8,648 വോട്ടാണ് മോഹൻ ജോർജിന് ലഭിച്ചത്. മ​ണ്ഡ​ല​ത്തി​ലെ ആകെയുള്ള 2,32,057 വോ​ട്ട​ർ​മാ​രിൽ 1,76,069 പേരാണ് ഇത്തവണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയത്. ഇതിന്റെ ആറിലൊന്ന് വോട്ട് കിട്ടാത്തതിനാൽ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ പിന്തുണച്ച നിലമ്പൂരിലെ എല്ലാ വോട്ടർമാർക്കും രാജീവ് ചന്ദ്രശേഖർ നന്ദി പറഞ്ഞു. നല്ല പ്രകടനം കാഴ്ചവെക്കാൻ പ്രയത്നിച്ച നിലമ്പൂരിലെ പ്രവർത്തകർക്കും അഡ്വ. മോഹൻ ജോർജിനും നിലമ്പൂരിലെ പുതിയ എം.എൽ.എ ആര്യാടൻ ഷൗക്കത്തിനും അഭിനന്ദനങ്ങൾ നേർന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം ജമാഅത്തെ ഇസ്‍ലാമി അടക്കമുള്ള ഇസ്‍ലാമിക  സംഘടനകളുടേതാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഇരുമുന്നണികളുടേയും മുസ്‍ലിം പ്രീണനവും നിലമ്പൂരിലെ വികസന മുരടിപ്പും ബിജെപിക്ക് ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ബി.ജെ.പി മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നില നിർത്തി. ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് കുറയാറുണ്ടെങ്കിലും നിലമ്പൂരിൽ വോട്ടുകൾ വോട്ട് വർധിപ്പിക്കാനായത് ബി.ജെ.പിയുടെ പ്രചരണത്തിന്റെ വിജയമാണ് ചൂണ്ടി കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വോട്ട് വർധിച്ചത് ബിജെപിക്ക് മാത്രമാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസിത കേരളം എന്ന ആശയവും കോൺഗ്രസ് സിപിഎം ദേശ വിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം തുറന്ന് കാട്ടാൻ സാധിച്ചു എന്നുള്ളതുമാണ് ഈ നല്ല പ്രകടനത്തിന് കാരണം.

ലോക്സഭയിൽ കിട്ടിയ വോട്ട് നിലയിൽ നിന്ന് യുഡിഎഫിന് വലിയ വോട്ട് കുറഞ്ഞിട്ടുണ്ട്. അവരുടെ വോട്ട് പിടിച്ചു നിർത്തിയത് മുസ്‍ലിം തീവ്രവാദ സംഘടനകളുടെ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ്. അതോടൊപ്പം എൽ.ഡി.എഫ് വോട്ട് വിഭജിച്ചതും കോൺഗ്രസിനെ സഹായിച്ചു. എൽ.ഡി.എഫിനാവട്ടെ സിറ്റിങ്ങ് മണ്ഡലം നഷ്ടമാവുകയും ചെയ്തു. തിരഞ്ഞെടുപ്പിന് വേണ്ടി ഏതറ്റവും വരെ പോയി, അപകടകാരികളായ ജമാഅത്ത് ഇസ്ലാമി പോലുള്ളവരെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരുന്നത് കേരളത്തിന്റെ ഭാവിക്ക് തന്നെ അപകടമാണ്. കേരളത്തിലെ ജനങ്ങൾ ഇതിനെ എതിർക്കണം.

വോട്ടു ലഭിക്കാനായി ഇരുമുന്നണികളും നിലമ്പൂരിൽ നടത്തിയ മുസ്‍ലിം പ്രീണന രാഷ്ട്രീയം വരുംനാളുകളിൽ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും. വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ നിലമ്പൂരിലെ പ്രകടനം പാർട്ടിയെ സഹായിക്കും. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ശക്തമായി ബി.ജെ.പി പ്രവർത്തനം വർധിപ്പിക്കും. വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ നിലമ്പൂരിലെ പ്രകടനം പാർട്ടിയെ സഹായിക്കും. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ശക്തമായി ബി.ജെ.പി പ്രവർത്തിക്കും’ -അദ്ദേഹം പ്രസ്താവിച്ചു. 

Tags:    
News Summary - rajeev chandrasekhar about Nilambur By Election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.