തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് റിമാൻഡിൽ. പക്ഷാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. വ്യാഴാഴ്ച റിമാന്‍ഡ് നടപടികള്‍ക്കായി ആശുപത്രിയിലെത്തിയ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജിയും പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. ശശിധരനും ഡോക്ടര്‍മാരോട് സംസാരിക്കുകയും ആരോഗ്യാവസ്ഥ മോശമെന്ന് അറിയിച്ചതോടെ 14 ദിവസത്തേക്ക് ആശുപത്രിയില്‍ തന്നെ റിമാന്‍ഡ് ചെയ്യുകയുമായിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തും. ശേഷമാകും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്കു മാറ്റുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക. ഐ.സി.യുവിലായിരുന്ന ശങ്കരദാസിനെ ബുധനാഴ്ചയാണ് മുറിയിലേക്ക് മാറ്റിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 12ാമത്തെയും രാഷ്ട്രീയ ബന്ധമുള്ള മൂന്നാമത്തെയും അറസ്റ്റാണ് ശങ്കരദാസിന്റേത്. നേരത്തേ അറസ്റ്റിലായ പത്മകുമാറും വിജയകുമാറും സി.പി.എം പ്രതിനിധികളായിരുന്നു. ഡി.എം.കെയിലും ആർ.എസ്.പിയിലും പ്രവര്‍ത്തിച്ച ശങ്കരദാസ് സി.പി.ഐ പ്രതിനിധിയായാണ് ബോര്‍ഡ് അംഗമായത്. ശങ്കരദാസിന്റെ അറസ്റ്റോടെ 2019ലെ ദേവസ്വം ബോര്‍ഡ് ഒന്നടങ്കം പിടിയിലായി. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായപ്പോൾ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. ഇദ്ദേഹത്തിന്റെ അറസ്റ്റ് വൈകുന്നതിൽ കഴിഞ്ഞ ദിവസം ഹൈകോടതി വിമർശനം ഉന്നയിച്ചിരുന്നു. മകൻ എസ്.പിയായതുകൊണ്ടാണ് ശങ്കരദാസ് ആശുപത്രിയിൽ കഴിയുന്നതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശങ്കരദാസിനെതിരെ ഇപ്പോൾ നടപടിയുണ്ടാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണ്. കുറ്റം ചെയ്തുവെന്ന് വ്യക്തമായാൽ ഉടൻ നടപടിയുണ്ടാകുമെന്നും ഇപ്പോൾ വേണ്ടത് മാനുഷിക പരിഗണനയാണെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.