ഹൈകോടതി
കൊച്ചി: ക്ഷാമബത്ത (ഡി.എ) സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും നിയമപരമായ അവകാശമല്ലെന്നും ഡി.എ എപ്പോൾ എങ്ങിനെ നൽകണമെന്നത് നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും സർക്കാർ ഹൈകോടതിയിൽ. സാമ്പത്തിക ബാധ്യത കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവുക. കോടതികൾക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും ധനകാര്യ അണ്ടർ സെക്രട്ടറി കെ.എ. നവാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഡി.എ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ പുതിയ രീതി നടപ്പാക്കിയെന്നും അതത് ഉത്തരവിൽ പരാമർശിക്കുന്ന തീയതി മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുകയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതനുസരിച്ച് ജീവനക്കാർക്ക് കുടിശികക്കുള്ള അർഹതയില്ല. പണപ്പെരുപ്പം നേരിടുന്നതിന്റെ ഭാഗമായി അനുവദിച്ചു പോരുന്ന ക്ഷാമബത്തയുടെ കാര്യത്തിൽ സമയക്രമം നിശ്ചയിക്കാനാകില്ല. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച സാഹചര്യവും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കേരളമടക്കം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്. അനുകൂല വിധിയുണ്ടായാൽ ഇത്തരം ആവശ്യങ്ങൾ പരിഗണിക്കാനാകും. സമൂഹത്തിന്റെ വിശാല താൽപര്യം പരിഗണിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഡി.എ കുടിശികയിൽ 25 ശതമാനമെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് എൻ. മഹേഷ് അടക്കം സമർപ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ക്ഷാമബത്തയും കുടിശികയും നൽകേണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്ന് നേരത്തെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയ കോടതി പരിഷ്കരിച്ച ക്ഷാമബത്ത കുടിശിക അനുവദിക്കാൻ വ്യക്തമായ സ്കീം തയാറാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ചിരുന്നു. പിന്നീട് ക്ഷാമബത്തയുടെ ചില ഗഡുക്കൾ അനുവദിച്ചെങ്കിലും ഇതിൽ കുടിശിക ഉൾപ്പെടുന്നില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
2023 ജൂലൈ മുതൽ ആറ് ഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നാണ് ഹർജിക്കാരുടെ വാദം. വാദത്തിന് സർക്കാർ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് എൻ. നഗരേഷ് ഹരജികൾ 22ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.