ഗാന്ധിനഗർ (കോട്ടയം): കസ്റ്റഡി മരണ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത നെടുങ്കണ്ടം എസ്.ഐ കെ.എ. സാബു റിമാൻഡിൽ. ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എസ്.ആർ. സിനി കോട്ട യം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
സാബുവിന് ഹൃദ്രോഗ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ മൊഴി ന ൽകി. ഇതിനിടെ സാബുവിന് ജാമ്യാപേക്ഷയുമായി ഏറ്റുമാനൂരിലെ രണ്ട് അഭിഭാഷകർ ആശുപത്രിയിൽ എത്തിയെങ്കിലും അനുവദിച്ചില്ല. തുടർന്ന് ഇയാളെ രാത്രി വൈകി ദേവികുളം സബ് ജയിലിലേക്ക് മാറ്റി.
നടകീയ രംഗങ്ങളാണു മെഡിക്കൽ കോളജിൽ അരങ്ങേറിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സാബുവിനെ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാർ മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തു. എന്നാൽ, ജനറൽ വാർഡിൽ കിടത്തുന്നത് ബുദ്ധിമുട്ടാണെന്നും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടൽ ഉണ്ടാകുമെന്നും അതിനാൽ സന്ദർശന നിയന്ത്രണമുള്ള ഹൃദ്രോഗ വിഭാഗത്തിൽതന്നെ കിടത്തണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടു.
അസുഖം ഇല്ലാതെ ഈ വിഭാഗത്തിൽ കിടത്തിച്ചികിത്സിക്കാൻ നിയമപരമായി കഴിയില്ലെന്ന നിലപാട് ഡോക്ടർമാർ ആവർത്തിച്ചു. ഇതോടെ അന്വേഷണ സംഘവും ഡോക്ടർമാരുമായി തർക്കമായി. ഒടുവിൽ ഡിസ്ചാർജ് ചെയ്തെങ്കിലും ജയിലിലേക്ക് മാറ്റാൻ താമസം നേരിട്ടു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് പീരുമേട് സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. കേസിലെ മറ്റു പ്രതികൾ പീരുമേട് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനാൽ, അങ്ങോട്ട് മാറ്റുന്നതിനോട് ക്രൈംബ്രാഞ്ച് സംഘം വിയോജിച്ചു.
ഒടുവിൽ രാത്രി ഒമ്പേതാടെ ദേവികുളം സബ് ജയിലിലേക്ക് കൊണ്ടുപോയി. സാബു അന്വേഷണ സംഘത്തിന് നൽകിയ മൊഴി മജിസ്ട്രേറ്റിനോടും പറഞ്ഞതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.