കെ.സി. വേണുഗോപാൽ

ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാം നമ്പർ ക്രിമിനലെന്ന് കെ.സി. വേണുഗോപാൽ; ‘ഇൻഡ്യ മുന്നണി യോഗം ചേരും, പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് സമരം’

കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാം നമ്പർ ക്രിമിനലാണെന്നും ഏറ്റവും വലിയ യൂദാസ് ആണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി വോട്ട് ചോർച്ച നടത്തി പ്രധാനമന്ത്രി ആയതാണ്. അമിത് ഷാ വോട്ട് ചോർച്ചക്കും ജനാധിപത്യകൊള്ളക്കും കൂട്ടുനിന്നു. കോടതിയെപ്പോലും സ്വാധീനിക്കാന്‍ ആണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സുപ്രീംകോടതി ജഡ്ജിമാരുടെ ബന്ധുക്കളെ അഭിഭാഷകരാക്കുകയാണ്. ഇതിനെതിരെ ജനങ്ങളെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്തി ശക്തമായ പ്രതിരോധത്തിന് കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. നീതിക്ക് മുന്നിൽ അവർ കീഴടങ്ങേണ്ടിവരും.

തിങ്കളാഴ്ച എല്ലാ ജില്ലകളിലും പ്രക്ഷോഭ പരിപാടികൾ നടത്തും. ചൊവ്വാഴ്ച കോണ്‍ഗ്രസ് പ്രവർത്തക സമിതി ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കും. ബുധനാഴ്ച ഇൻഡ്യ മുന്നണിയും യോഗം ചേരും.

പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് തെരുവില്‍ സമരം ശക്തമാക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം, മാസപ്പടി കേസില്‍ പൂര്‍ണമായും നിയമോപദേശം തേടിയ ശേഷമാണ് സര്‍ക്കാര്‍ തുടരന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെ.സി. വേണുഗോപാൽ മറുപടി നൽകിയില്ല. അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ ബി.ജെ.പി ബന്ധം വ്യക്തമാക്കുന്ന തുറന്നുപറച്ചിലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്തെത്തി. വർഷങ്ങൾക്കുമുമ്പ് സർക്കാർ സർവിസിലിരിക്കെ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാൻ ഗ്യാനേഷ് കുമാർ തന്നെ ക്ഷണിച്ചെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്.

ബി.ജെ.പി ടിക്കറ്റിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൂടെയെന്നും ജയിച്ചാൽ കേന്ദ്രമന്ത്രിയാകാമെന്നുമാണ് ഗ്യാനേഷ് കുമാർ പറഞ്ഞത്. മത്സരിക്കാൻ താൽപര്യമില്ലെന്ന് മറുപടി നൽകിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി. ഗ്യാനേഷ് കുമാറുമായി നല്ല സുഹൃദ്ബന്ധമായിരുന്നു. സൗഹൃദ സംഭാഷണത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. വിരമിക്കലിനുശേഷം എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നത് സംബന്ധിച്ച സംഭാഷണമാണ് ബി.ജെ.പിയിലേക്കുള്ള ക്ഷണത്തിലേക്ക് എത്തിയതെന്നും ജിജി തോംസൺ വിശദീകരിക്കുന്നു.

2016ൽ ഡൽഹി വിമാന യാത്രക്കിടെയായിരുന്നു ഈ സംഭാഷണമെന്നാണ് ജിജി തോംസൺ പറയുന്നത്. പലർക്കും സ്ഥാനമാനങ്ങളോട് താൽപര്യമുണ്ട്. അതുവെച്ചാകാം അപ്രകാരം പറഞ്ഞത്. ഗ്യാനേഷ് കുമാറല്ലല്ലോ ഈ ഓഫർ വെക്കേണ്ടത്. ഗ്യാനേഷ് കുമാറിന്‍റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസൺ പറഞ്ഞു. അതിനു ശേഷം ഇക്കാര്യവുമായി ആരും സമീപിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Gyanesh Kumar is the country's number one criminal -K.C. Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.