'സർക്കാറിന്‍റെ അനാസ്ഥയും ഏകോപനമില്ലായ്മയും', മഴ മുന്നറിയിപ്പിൽ പാളിച്ച- എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ പാളിച്ചയുണ്ടായെന്നും സർക്കാറിന്‍റെ അനാസ്ഥയും ഏകോപനമില്ലായ്മ അംഗീകരിക്കാനാകില്ലെന്നും സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിൽ സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി സി.പി.എം രംഗത്തുവന്നു. മഴ മുന്നറിപ്പ് നൽകുന്നതിൽ ഗുരുതര പാളിച്ച ഉണ്ടായി. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല സ്ഥലങ്ങളും വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ പൊന്നാനിയിൽ മുഖ്യമന്ത്രി പങ്കെടുത്ത വിരുന്നിനെ വിമർശിച്ചാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയത്.

മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുമ്പോൾ തൊട്ടപ്പുറം ജനങ്ങൾ പ്രാണഭയത്തിലായിരുന്നു എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഏറ്റവും കൂടുതൽ മഴ പെയ്ത പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നലെ രാവിലെ വരെ ഓറഞ്ച് അലർട്ടാണ് ഉണ്ടായിരുന്നത്. റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും പല പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. കെടുകാര്യസ്ഥതയുടെ തെളിവാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനും അപകട സാധ്യത മേഖലയിൽ നിന്നും ഒഴിപ്പിക്കുന്നതിനും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥ വകുപ്പിനും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഉടൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യവും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

അതേസമയം, കാലവർഷക്കെടുതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനജീവിതത്തെ ബാധിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീടുകളും കൃഷിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട് ജനങ്ങൾ വലിയ ദുരിതത്തെ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 'റാന്നിയിൽ ഒറ്റരാത്രികൊണ്ട് 331 മില്ലിമീറ്ററിലധികം അതിതീവ്ര മഴ രേഖപ്പെടുത്തിയതും വയനാട്ടിലും ഇടുക്കിയിലും കോട്ടയത്തും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണം. 2018 ലും 2019 ലും അതിതീവ്ര മഴയും മേഘവിസ്ഫോടനത്തിന് സമാനമായ മഴയും മൂലം നിരവധി പ്രദേശങ്ങൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വെള്ളത്തിനടിയിലായ ദുരനുഭവങ്ങൾ ഓർമയിലുണ്ട്.

അതുകൊണ്ട് നിലവിലെ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദുരിതബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നാശനഷ്ടങ്ങൾക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകുകയും വേണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മറ്റു സർക്കാർ ഏജൻസികളും നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങൾ അവഗണിക്കരുത്.

പ്രതിസന്ധിഘട്ടത്തിൽ ദുരിതപ്രദേശത്തെ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുകയും അധികാരികളുമായി സഹകരിച്ച് പരമാവധി സഹായം ഉറപ്പാക്കുകയും ചെയ്യണം. ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം. ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം' എന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

Full View
Tags:    
News Summary - സർക്കാറിന്‍റെ അനാസ്ഥയും ഏകോപനമില്ലായ്മയും, മഴ മുന്നറിയിപ്പിൽ പാളിച്ച- എം.വി. ഗോവിന്ദൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.