കോൺഗ്രസിന്‍റെ പോരാട്ടം ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരം; ഗ്യാനേഷ് കുമാര്‍ ഭരണഘടനാവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും കെ.സി. വേണുഗോപാല്‍
ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ച വിവാദ തീരുമാനങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചതിനാലാണ് അവ പിന്‍വലിക്കാന്‍ തയാറായതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍.
നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമീഷന്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷനെ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ വെറും പാര്‍ട്ടി കമ്മിറ്റികളുടെ നിലവാരത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബി.ജെ.പി നിയമിച്ച മറ്റ് രണ്ട് കമീഷന്‍ അംഗങ്ങള്‍ വിയോജിച്ച വിഷയങ്ങളില്‍ പോലും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഗ്യാനേഷ് കുമാര്‍ തയാറാകുന്നത് ആര്‍ക്കുവേണ്ടിയാണെന്നും വേണുഗോപാല്‍ ചോദിച്ചു.
കമീഷന്റെ കൂട്ടുത്തരവാദിത്തം പോലും നഷ്ടപ്പെടുത്തി നരേന്ദ്ര മോദിക്കും അമിത് ഷാക്കും വേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയുടെ ഭാഗമായി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ സഹിതം ഉന്നയിച്ച കാര്യങ്ങള്‍ കമീഷണര്‍മാര്‍ നല്‍കിയ പരാതിയിലൂടെ അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്. നിയമപോരാട്ടം ഉള്‍പ്പെടെയുള്ള മുന്നോട്ടുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെയും ഇൻഡ്യ സഖ്യകക്ഷികളുടെയും യോഗങ്ങളില്‍ തീരുമാനമെടുക്കും. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ സഹകരിക്കാന്‍ കഴിയുന്ന എല്ലാവരും കോണ്‍ഗ്രസിന്റെ പോരാട്ടത്തിനൊപ്പം അണിചേരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതിഷേധിക്കാന്‍ പോലും അനുവദിക്കാത്ത അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഭരണകൂടത്തിന്റേത്. പഞ്ചാബിലെ ലൗലി പ്രഫഷനല്‍ യൂനിവേഴ്സിറ്റിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. ലൗലി പ്രഫഷനല്‍ യൂനിവേഴ്സിറ്റിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.