പാർവതി മായ ഷാജി
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാർവതി മായ ഷാജിക്ക് ജാമ്യം
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ആംസ്റ്റർ ഓവർസീസ് സി.ഇ.ഒ പാർവതി മായ ഷാജിക്ക് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തൃശൂർ എരുമപ്പെട്ടി സ്വദേശിയായ യുവാവിന് അർമീനിയയിൽ ഒന്നര ലക്ഷം രൂപ മാസം ശമ്പളം വാഗ്ദാനം ചെയ്ത് നാല് ലക്ഷം രൂപയും പോളണ്ടിൽ ജോലി വാഗ്ദനം ചെയ്ത് കുന്നത്തുനാട് സ്വദേശിയിൽനിന്ന് ആറ് ലക്ഷം രൂപയും തട്ടിയെന്ന കേസിലാണ് പാർവതി മായ പിടിയിലായത്. നിലവിൽ 25ഓളം പരാതികൾ പാലാരിവട്ടം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ 300ഓളം പേരിൽനിന്ന് വിദേശ ജോലി വാഗ്ദാനം ചെയ്ത് കോടികൾ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. പരാതി നൽകിയ വരിൽനിന്ന് ലഭിച്ച രസീതുകളും മറ്റും വെച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നത്.
എന്നാൽ വിദേശത്തേക്ക് കടത്തിയ പണം സംബന്ധിച്ച അന്വേഷണത്തിന് പൊലീസിന് പരിമിതികളുണ്ട്. ഇതേതുടർന്ന് അന്വേഷണം ഇ.ഡിക്ക് കൈമാറാൻ ആലോചിക്കുന്നതായി സൂചനയുണ്ട്. പൂർണ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറിയേക്കും. പാർവതി മായക്ക് പുറമെ ഭർത്താവ് അനീഷ് മേനോൻ, മാനേജർമാരായ അഭിജിത്, അജു കെ. മാത്യു, വിഷ്ണു വിജയൻ, ഷാജി എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ വിദേശത്തേക്ക് കടന്നതായാണ് കരുതുന്നത്.
അതേസമയം, പൊലീസിൽ പരാതിയുമായി വരുന്നവർക്ക് പണം മടക്കി നൽകി കേസിൽ നിന്ന് പിന്തിരിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടതി ജാമ്യം പരിഗണിച്ചപ്പോൾ പണം മടക്കി നൽകാൻ തയാറാണെന്ന് കോടതിയെയും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.