ഫാ. എബിൻ എബ്രാഹം പള്ളി ഗേറ്റിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
പിറവം: പിറമാടം, സെന്‍റ് ജോൺസ് ബത്‌ലഹേം സുറിയാനി പള്ളിയിൽ ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഓർത്തഡോക്സ് സഭ അസി. വികാരി ഫാ. എബിൻ എബ്രാഹാം, യാക്കോബായ വിഭാഗത്തിലെ പിറമാടം ചെനയംമാക്കിൽ റെജി, ഡാനിയേൽ പയ്യാനിക്കൽ എന്നിവർക്ക് പരുക്കേറ്റു. സംഘർഷത്തെ തുടർന്ന് പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. അടുത്ത ദിവസം കലക്ടറുമായി ചർച്ച നടത്തിയ ശേഷമാകും പള്ളിയിൽ ആരാധന തുടരുക.
ഞായറാഴ്ച രാവിലെ ഏഴോടെ കോടതി ഉത്തരവുമായി ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗവും പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവും തമ്മിലായിരുന്നു തർക്കവും സംഘർഷവും. നിലവിൽ യാക്കോബായ വിഭാഗത്തിന്‍റെ കൈവശമുള്ള പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതിയുടെ ഉത്തരവുമായി ഓർത്തഡോക്സ് സഭ അസി. വികാരി ഫാ. എബിൻ എബ്രാഹമിന്‍റെ നേതൃത്വത്തിലാണ് വിശ്വാസികൾ പള്ളിയിൽ എത്തിയത്. ഫാ. എബിൻ എബ്രാഹം മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ. ലാൽ മോൻ തമ്പി പട്ടരുമഠത്തിന്‍റെ നേതൃത്വത്തിൽ തടഞ്ഞു.
തുടർന്ന് പള്ളിക്കുള്ളിൽ തർക്കവും സംഘർഷവുമായി. രാമമംഗലം പൊലീസ് എത്തിയാണ് വലിയ സംഘർഷം ഒഴിവാക്കിയത്. തുടർന്ന് ഫാ. എബിൻ എബ്രാഹം, പള്ളി ഗേറ്റിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി. വികാരി, അസിസ്റ്റന്റ് വികാരി എന്നിവർക്ക് കുർബാന നടത്തുന്നതിനും മറ്റ് മതാചാര കാര്യങ്ങൾ നിർവഹിക്കുന്നതിനും തടസ്സം ഉണ്ടാക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് ഉണ്ടെന്ന് ഓർത്തഡോക്സ് വിഭാഗം പറയുന്നു.
എന്നാൽ, ഉത്തരവ് നിലനിൽക്കില്ലെന്നും, വിവിധ സഭ കേസുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരിഗണനയിലാണെന്നും യാക്കോബായ വിഭാഗം വാദിച്ചു. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയുമാണ്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ സംഘർഷത്തിലേക്ക് നീക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ വിശ്വാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.