ഇടുക്കിയിൽ മഴ കുറഞ്ഞു; ഡാമുകളിൽ ജലനിരപ്പ് താഴുന്നു

തൊടുപുഴ: വൃഷ്ടിപ്രദേശങ്ങളിൽ ഉൾപ്പെടെ മഴയുടെ ശക്തി ഗണ്യമായി കുറഞ്ഞതോടെ ഇടുക്കി ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നുതുടങ്ങി.

എല്ലാ ഷട്ടറുകളും തുറന്നിട്ടും അഞ്ച് ദിവസത്തോളം ജലനിരപ്പ് കൂടിവരുകയായിരുന്നു. ഡാമുകളിലേക്ക് നീരൊഴുക്ക് കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. മുല്ലപ്പെരിയാറിന്‍റെ മൂന്ന് ഷട്ടർ അടച്ചു.മുല്ലപ്പെരിയാർ കഴിഞ്ഞ ശനിയാഴ്ചയും ഇടുക്കി ഡാം ഞായറാഴ്ചയുമാണ് തുറന്നത്. ഇടുക്കിയുടെ അഞ്ചും മുല്ലപ്പെരിയാറിന്‍റെ പത്തും ഷട്ടറുകൾ തുറന്ന നിലയിലാണ്.

ബുധനാഴ്ച രാവിലെ പത്തിന് ഇടുക്കിയിൽ 2387.42ഉം മുല്ലപ്പെരിയാറിൽ 139.05ഉം അടിയായിരുന്നു ജലനിരപ്പ്. ഇത് വൈകീട്ടോടെ യഥാക്രമം 2387.36ഉം 138.80ഉം അടിയായി കുറഞ്ഞു. സെക്കൻഡിൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് ഇടുക്കിയിൽ 350 ഘനയടിയിൽനിന്ന് 345.75 ആയും മുല്ലപ്പെരിയാറിൽ 10,400ൽനിന്ന് 5650 ആയും താഴ്ത്തി. കഴിഞ്ഞവർഷം ഇതേ സമയത്തെ അപേക്ഷിച്ച് 16 അടിയോളം വെള്ളമാണ് ഇടുക്കിയിൽ കൂടുതലുള്ളത്.

ഇടുക്കിയുടെ രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 140 സെ.മീ. വീതവും ഒന്ന്, അഞ്ച് ഷട്ടറുകൾ 40 സെ.മീ. വീതവുമാണ് ഉയർത്തിയിട്ടുള്ളത്. മുല്ലപ്പെരിയാറിന്‍റെ മൂന്ന് ഷട്ടറുകൾ ബുധനാഴ്ച വൈകീട്ടോടെയാണ് അടച്ചത്. സെക്കൻഡിൽ ശരാശരി 8669 ഘനയടി വെള്ളം ഡാമിൽ ഒഴുകിയെത്തുന്നുണ്ട്.

സെക്കൻഡിൽ 2194 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. അണക്കെട്ടുകൾ കൂടുതൽ തുറന്നതിനെത്തുടർന്ന് ചൊവ്വാഴ്ച മുങ്ങിപ്പോയ തടിയമ്പാട് ചപ്പാത്തിലും വണ്ടിപ്പെരിയാറിന് സമീപത്തെ ജനവാസ കേന്ദ്രങ്ങളിലും കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ലെങ്കിലും അളവ് കുറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Rain reduced in Idukki; The water level in the dams is falling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT