കോഴിക്കോട് അരീക്കാട് ഭാഗത്തു കാറ്റിൽ മരംവീണ പാളത്തിലെ ഇലക്ട്രിക് ലൈനിൽ റയിൽവേ വൈദ്യുതി വിഭാഗം ജീവനക്കാർ അറ്റകുറ്റപ്പണി നടത്തുന്നു
തിരുവനന്തപുരം: കനത്തമഴയും ട്രാക്കിലേക്കുള്ള മരം വീഴലുകളും മൂലം ട്രെയിൻ ഗതാഗതം താളം തെറ്റി. സമയകൃത്യതയിൽ മുൻപന്തിയിലുള്ള പ്രീമിയം സർവിസായ മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയാണ് ചൊവ്വാഴ്ച ഓടിയത്. വൈകീട്ട് 3.05ന് തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ വന്നത് വൈകീട്ട് അഞ്ചിന്. ഇതിനെ തുടർന്ന് ട്രെയിനിന്റെ മടക്കയാത്രയും വൈകി. വൈകീട്ട് 4.0ന് തിരുവനന്തപുരത്ത് നിന്ന് തിരിക്കേണ്ട മംഗളൂരു വന്ദേഭാരത് (20632) ഒരു മണിക്കൂറും അഞ്ച് മിനിറ്റും വൈകി 5.10 നാണ് യാത്ര ആരംഭിച്ചത്. കോഴിക്കോട് ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് ചൊവ്വാഴ്ച വൈകിയവയിലേറെയും.
മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് മൂന്നുമണിക്കൂറിലേറെ വൈകി. ഉച്ചക്ക് 12.30ന് അങ്കമാലിയിലെത്തേണ്ട ട്രെയിൻ വന്നത് വൈകീട്ട്നാലോടെ. ഗാന്ധിധാം-തിരുനെൽവേലി ഹംസഫർ എക്സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് എന്നിവർ ഒന്നര മണിക്കൂർ വരെ വൈകി. കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി അരമണിക്കൂർ വരെയും. പാസഞ്ചർ ട്രെയിനുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട ട്രെയിനുകൾ പലതും വഴിയിൽ പിടിച്ചിട്ടു. തിരുവനന്തപുരം -കാസർകോട് വന്ദേഭാരത് 45 മിനിറ്റ് വൈകിയാണ് ചൊവ്വാഴ്ച ഓടിയത്. ഈ ട്രെയിനിന് ഷെഡ്യൂൾ പ്രകാരമുള്ള സമയക്രമം പാലിക്കാനായത് ഷൊർണൂരിനുശേഷമാണ്. തിരുവനന്തപുരത്തുനിന്ന് രാവിലെ പുറപ്പെട്ട ജനശതാബ്ദിയും വൈകി. കൊല്ലത്തിനും തൃശൂരിനുമിടക്കാണ് സമയം തെറ്റിയോടിയത്. കൊല്ലമെത്തിയത് 15 മിനിറ്റ് വൈകിയാണെങ്കിൽ ചേർത്തലയായപ്പോഴേക്കും വൈകൽ അരമണിക്കൂറോളമായി. തിരുവനന്തപുരം-ജാംനഗർ എക്സ്പ്രസ് 50 മിനിറ്റ് വരെ വൈകി. തിരുവനന്തപുരം- മംഗളൂരു ഏറനാട് എക്സ്പ്രസ് 45 മിനിറ്റ് വൈകിയാണ് വിവിധ സ്റ്റേഷനുകളിലെത്തിയത്.
ട്രാക്കിലേക്ക് മരങ്ങൾ വ്യാപകമായി വീണ് ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഭൂവുടമകൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി റെയിൽവേ. അപകടകരമായി നിൽക്കുന്ന മരങ്ങൾ ട്രാക്കുകളിലും ഇലക്ട്രിക് ലൈനുകളിലും പതിച്ചുണ്ടാകുന്ന സംഭവങ്ങളിൽ ഉടമകളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് തീരുമാനം. ഇത്തരം മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ടിട്ടും തയാറാകാത്ത സാഹചര്യത്തിലാണ് റെയിൽവേ നടപടി കടുപ്പിക്കുന്നത്. മരങ്ങൾ മുറിച്ചുനീക്കുന്നതിന് അതത് ജില്ല ഭരണകൂടങ്ങളുടെ സഹായം നേടാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.