ന്യൂഡൽഹി: കേരളവുമായി ഒരു ചർച്ചയും നടത്താതെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ കൈക്കൊണ്ട റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഏകപക്ഷീയമായ തീരുമാനത്തിലെ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
ഓണക്കാലത്ത് കേരളത്തിന് ലഭിച്ച കനത്ത ഇരുട്ടടിയായ വിവേചനപരമായ തീരുമാനത്തിനെതിരെ കേരളത്തിലെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് മന്ത്രിയെ അറിയിച്ചതായും വേണുഗോപാൽ തുടർന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയത്. ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജറെ നേരിൽ കണ്ടും ശക്തമായ പ്രതിഷേധം അറിയിച്ചുവെന്ന് വേണുഗോപാൽ തുടർന്നു.
മുമ്പ് സേലം ഡിവിഷൻ രൂപവത്കരിച്ച സമയത്തുതന്നെ വലിയ ശോഷണം സംഭവിച്ച പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുന്ന ഈ തീരുമാനം റെയിൽവേ അടിയന്തരമായി തിരുത്തണമെന്നും, മംഗളൂരുവിനെ പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായിത്തന്നെ നിലനിർത്തണമെന്നും വേണുഗോപാൽ മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.