പ്രതി റിയാസ്

ഫോൺ പോലും ഉപയോഗിച്ചില്ല, മാസങ്ങളോളം ഒളിവിൽ; ആംബുലൻസ് ലഹരിക്കടത്തിലെ മുഖ്യപ്രതിയെ യു.പിയിൽനിന്ന് സാഹസികമായി പിടികൂടി

തൃശൂർ: ആംബുലൻസിൽ കടത്തുകയായിരുന്ന 280 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ അന്തർസംസ്ഥാന ലഹരിക്കടത്തിന്റെ സൂത്രധാരൻ അറസ്റ്റിൽ. ഗുരുവായൂർ ചൊവ്വല്ലൂർപടി അമ്പലത്തുവീട്ടിൽ റിയാസിനെ (37) ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്ന് തൃശൂർ സിറ്റി ഡാൻസാഫ് സംഘമാണ് പിടികൂടിയത്. കല്ല് റിയാസ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ മേയ് 26ന് തൃശൂർ വാണിയമ്പാറയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന എം.ഡി.എം.എ പിടികൂടിയ കേസിലാണ് നടപടി. ബംഗളൂരുവിൽ നിന്ന് ആംബുലൻസിൽ ലഹരികടത്തിയതിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

ആംബുലൻസിലെ ലഹരിക്കടത്ത് പിടിച്ചതോടെ റിയാസ് ബംഗളൂരുവിൽ നിന്ന് മുങ്ങുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാൾ, ഒടുവിൽ ഗ്രേറ്റർ നോയിഡയിലെ വൻ ഫ്ലാറ്റ് സമുച്ചയത്തിൽ കഴിയുന്നതായി പൊലീസിന് വിവരം ലഭിച്ചു. 2,600 ഓളം ഫ്ലാറ്റുകൾക്കിടയിൽ നിന്ന് പ്രതി താമസിക്കുന്നയിടം കണ്ടെത്താൻ ദിവസ​ങ്ങളെടുത്തു. പ്രതി പുറത്തിറങ്ങുന്ന സമയം നിരീക്ഷിച്ചുകൊണ്ടിരുന്ന പൊലീസ് ഒടുവിൽ സാഹസികമായി പിടികൂടുകയായിരുന്നു.

ബംഗളൂരുവിൽ നിന്ന് വിവിധ മാർഗങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ എം.ഡി.എം.എ പ്രതി കേരളത്തിലേക്ക് എത്തിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2024ൽ കാറിൽ ഒളിപ്പിച്ച് 300 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിൽ തൃശൂർ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്.

രോഗിയുണ്ടെന്ന ധാരണ പരത്തി ബീക്കൺ ലൈറ്റിട്ട ആംബുലൻസിൽ രാസലഹരി കടത്തിയ കേസിൽ വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവർ അറസ്റ്റിലായിരുന്നു. ഓപറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചശേഷം ആദ്യ രാസലഹരി വേട്ടയായിരുന്നു അത്. തൃശൂര്‍ സിറ്റി പൊലീസ് കമീഷണർ നകുല്‍ രാജേന്ദ്ര ദേശ് മുഖിന്‍റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാന്‍സാഫ് സംഘമാണ് എം.ഡി.എം.എ പിടികൂടിയത്.

ബീക്കണ്‍ ലൈറ്റിട്ടെത്തിയ ആംബുലന്‍സ് പരിശോധിച്ചപ്പോള്‍ അതില്‍ രോഗി ഉണ്ടായിരുന്നില്ല. രോഗിയില്ലാതെ ബീക്കണ്‍ ലൈറ്റിട്ട് എങ്ങോട്ട് പോകുന്നു എന്ന പൊലീസുകാരുടെ ചോദ്യത്തിന് ബംഗളൂരുവില്‍ മൃതദേഹം എത്തിച്ചു മടങ്ങുകയാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടി വന്നതോടെ പൊലീസ് ആംബുലന്‍സ് അരിച്ചു പെറുക്കി. ഡ്രൈവര്‍ സീറ്റിന് മുകളിലത്തെ ഡൈറ്റിനുള്ളിലാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്.

യു.പിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃശൂരിലെത്തിച്ചു. ഇയാളെ കേന്ദ്രീകരിച്ച് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തുശൃംഖലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.