റാന്നിയിൽ അൽഫാം ഭക്ഷ്യ വിഷബാധ: പരാതിക്കാരിക്ക് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റാന്നി: പത്തനംതിട്ടയിൽ കഫേയിൽ നിന്ന് അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ യുവതിക്ക് 96,500 രൂപ നഷ്ടപരിഹാരം നൽകാൻ ഉടമയോടും മാനേജറോടും ഉത്തരവിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.  ചികിത്സാച്ചെലവായി 36,500 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവുകൾക്കായി 10,000 രൂപയും അടക്കം ആകെ 96,500 രൂപ 30 ദിവസത്തിനകം നൽകണമെന്നാണ് ഉത്തരവ്. വെച്ചൂച്ചിറ സ്വദേശിനി റീന തോമസാണ് പരാതി നൽകിയത്.

2025 ഒക്ടോബർ 21നാണ് റീനയും സഹോദരിയും റാന്നി ചേത്തോങ്കരയിലുള്ള കഫേയിലെത്തി അൽഫാം ഓർഡർ ചെയ്തത്. കഴിച്ചു തുടങ്ങിയപ്പോൾ തന്നെ ഭക്ഷണത്തിന് രുചിവ്യത്യാസം തോന്നുകയും ഇത് വെയിറ്ററെ അറിയിക്കുകയും ചെയ്തു. എന്നാൽ ഭക്ഷണത്തിന് കുഴപ്പമൊന്നുമില്ലെന്നും തോന്നലാണെന്നുമാണ് വെയിറ്റർ മറുപടി നൽകിയതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് റീനയുടെ സഹോദരി ഭക്ഷണം കഴിച്ചില്ല. ബാക്കി വന്ന ഭക്ഷണം പാക്ക് ചെയ്തു വാങ്ങിയ ശേഷം 740 രൂപ ഡെബിറ്റ് കാർഡ് വഴി ബില്ലും അടച്ചു.

വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തന്നെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെടുകയും പിന്നീട് തലകറക്കവും ക്ഷീണവും കഠിനമാവുകയും ചെയ്തതായി റീന പറയുന്നു. ആദ്യം വെച്ചൂച്ചിറയിലെ ആശുപത്രിയിലാണ് ചികിത്സ തേടിയതെങ്കിലും ഭേദമാകാത്തതിനെതുടർന്ന് കാഞ്ഞിരപ്പള്ളിയിലെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ആഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടി വന്നുവെന്നും വേവിക്കാത്തതോ പഴകിയതോ ആയ ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടാകുന്ന സാൽമൊണല്ല  അണുബാധയുണ്ടായതായി ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പരാതിക്കാരിയുടെ മകൻ കഫേ അധികൃതരുമായി ഫോണിൽ സംസാരിച്ചെങ്കിലും അവർ മോശമായി പെരുമാറുകയും 6,000 രൂപ നൽകി പ്രശ്നം ഒതുക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഈ തുക സ്വീകരിക്കാൻ റീന തയ്യാറായില്ല. കേസിൽ കമ്മീഷൻ ഇരുപക്ഷത്തിനും നോട്ടീസ് അയച്ചു. ഹോട്ടൽ ഉടമ കമ്മീഷന് മുന്നിൽ ഹാജരായെങ്കിലും നോട്ടീസ് കൈപ്പറ്റിയിട്ടും മാനേജർ ഹാജരായില്ല.

പരാതിക്കാരി സമർപ്പിച്ച രേഖകളും ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാർജ് സമ്മറിയും പരിശോധിച്ച കമ്മീഷൻ ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തി. നോട്ടീസ് ലഭിച്ചിട്ടും  മാനേജർ ഹാജരാകാതിരുന്നതും പരാതിക്കാരിയുടെ വാദങ്ങളെ ശക്തിപ്പെടുത്തിയതായി കമ്മീഷൻ നിരീക്ഷിച്ചു. കമ്മീഷൻ പ്രസിഡന്‍റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:    
News Summary - 96500 compensation order in food poison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.