ഇടുക്കി: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇനി ജില്ല രൂപീകരിക്കുകയാണെങ്കിൽ മൂവാറ്റുപുഴ തീർച്ചയായും അതിൽ ഉണ്ടാകും. മൂവാറ്റുപുഴയുടെ എല്ലാ നഷ്ടങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ഒരു ഡീ ലിമിറ്റേഷൻ കമീഷൻ ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴക്കാർക്ക് ഓണസമ്മാനമായി പുതിയ ജില്ല രൂപീകരണം പ്രഖ്യാപിക്കണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ നിർണായക പ്രഖ്യാപനം. ഇനി പുതിയ ജില്ലകൾ രൂപീകരിക്കുകയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉണ്ടാകുമെന്നും, പുനർവിഭജന കമ്മീഷൻ്റെ പരിധിയിൽ മൂവാറ്റുപുഴയും ഉൾപ്പെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
നിലവിൽ വികസന ഫണ്ടുകളുടെ സിംഹഭാഗവും എറണാകുളം, കൊച്ചി നഗര കേന്ദ്രീകൃത മേഖലകളിലേക്ക് പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ കിഴക്കൻ മലയോര മേഖലകൾ വികസനമുരടിപ്പ് നേരിടുന്നുവെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ പുതിയ ജില്ല അനിവാര്യമാണെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിലപാട്.
1982-ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മൂവാറ്റുപുഴ ജില്ല പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് തുടർനടപടികൾ ഉണ്ടായില്ല. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം, പെരുമ്പാവൂരിന്റെ ചില ഭാഗങ്ങൾ എന്നിവയ്ക്കു പുറമെ ഇടുക്കി ജില്ലയിലെ തൊടുപുഴയുൾപ്പെടുന്ന കിഴക്കൻ മേഖലകൾ കൂടി കൂട്ടിച്ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് കാലങ്ങളായുള്ള നിർദേശം.
സംസ്ഥാനത്ത് പുതിയ ജില്ലകളുടെയും താലൂക്കുകളുടെയും രൂപീകരണ സാധ്യതകൾ പഠിക്കാൻ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ബജറ്റ് പ്രസംഗത്തിലും പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.