'നിങ്ങളുടെ സർക്കാറിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ'; മന്ത്രി റിയാസിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മന്ത്രി മുഹമ്മദ് റിയാസിന്റെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. 'നിങ്ങളുടെ സർക്കാരിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ' -എന്നായിരുന്നു രാഹുലിന്റെ പരിഹാസം.

വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കയറിയിരുന്നതിനെ പരിഹസിച്ചാണ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

'ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും' എന്ന അടിക്കുറിപ്പോടെ ഉദ്ഘാന സദസിൽ മന്ത്രി കെ.എൻ ബാലഗോപാലിനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒപ്പമുള്ള ചിത്രമാണ് റിയാസ് പങ്കുവെച്ചത്.

ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്താണ് ഇരിക്കുന്നത് നിങ്ങളുടെ കൺവീനർ തന്നെയല്ലേ എന്ന് പരിഹസിച്ചത്. 

Full View

സംസ്ഥാന സർക്കാർ നൽകിയ ക്ഷണിക്കപ്പെടുന്നവരുടെ പട്ടികയിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടായിരുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിൽ പേര് കൂട്ടിചേർക്കുകയായിരുന്നു.

വിളമ്പുന്നവന് നാണമില്ലെങ്കിൽ കഴിക്കുന്നവന് നാണം വേണമെന്നും സംസ്ഥാന ധനമന്ത്രി ഉൾപ്പെടെ താഴെ ഇരിക്കുമ്പോഴാണ് ബി.ജെ.പി അധ്യക്ഷൻ നേരത്തെ തന്നെ വേദിയിൽ കയറി ഇരിക്കുന്നതെന്നും റിയാസ് മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു.

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കൽ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.

കേരളത്തില്‍ ഒരുഭാഗത്ത് വിശാല സാധ്യതകളുള്ള സമുദ്രം. മറുഭാഗത്ത് പ്രകൃതിരമണീയമായ പ്രദേശങ്ങള്‍. ഇതിനിടയിലാണ് പുതുതലമുറ വികസനത്തിന്‍റെ മാതൃകയായി വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത്. 8800 കോടി രൂപ ചെലവിട്ടാണ് തുറമുഖം നിര്‍മിക്കുന്നത്. ഇതുവരെ 75 ശതമാനത്തില്‍ അധികം ട്രാന്‍സ്ഷിപ്പ്‌മെന്റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരുന്നത്. ഇതിനു മാറ്റം വരികയാണ്. പുറത്തേക്ക് ഒഴുകിയിരുന്ന പണം കേരളത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ ദീർഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.





 

Tags:    
News Summary - Rahul trolls Minister Riyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.