പാലക്കാട്: തിരുവനന്തപുരത്തെ പുലിപ്പാറയിൽ കോൺഗ്രസിന്റെ സിറ്റിങ് വാർഡിൽ എസ്.ഡി.പി.ഐ വിജയിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മതേതര ചേരിയില്‍ ഇല്ലാത്ത ഒരു പാർട്ടി ജയിക്കുന്നത് ഗൗരവതരമാണെന്നും വിഷയം പാർട്ടി പരിശോധിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
എന്നാൽ, ഇതിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാൻ സി.പി.എം ശ്രമിക്കേണ്ട. പാലക്കാട് ജനത ഒന്നാകെയാണ് തന്നെ വിജയിപ്പിച്ചത്. കോൺഗ്രസ് എസ്.ഡി.പി.ഐയുമായി ചേർന്ന് പ്രകടനം നടത്തിയിട്ടില്ല. എസ്.ഡി.പി.ഐ പ്രകടനം നടത്തിയത് ക്രമസമാധാന പ്രശ്നമാണെങ്കിൽ അത് തടയേണ്ടത് പൊലീസാണ്. എസ്.ഡി.പി.ഐയെ വിജയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും രാഹുൽ പറഞ്ഞു.
ശശി തരൂർ മറ്റു പാർട്ടികൾക്കൊപ്പം ചേരുമെന്ന തെറ്റായ വാർത്തകൾക്കെതിരെയാണ് താൻ പ്രതികരിച്ചത്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായെത്തുന്ന കോൺഗ്രസ് നേതാക്കളെക്കുറിച്ചാണ് ഇപ്പോൾ ചർച്ച. അതിനെ പോസിറ്റിവായി കാണുന്നെന്നും അടുത്ത ഭരണം കോൺഗ്രസിന് ലഭിക്കുമെന്നതിന്റെ ശുഭസൂചനയാണിതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.