കോഴിക്കോട്: കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എസ്.എഫ്.ഐ അധോലോക കേന്ദ്രങ്ങളാക്കിയ കോളജ് ഹോസ്റ്റലുകൾ റെയ്ഡ് ചെയ്താൽ ലഹരി ഒഴുക്ക് തടയാനാകുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
കോളേജ് ഹോസ്റ്റലുകളിൽ എസ്.എഫ്.ഐ പരിപാലിച്ചു പോരുന്ന ഇടിമുറികൾക്കൊപ്പം ലഹരി മുറികളും നാടിന് ആപത്താവുകയാണ്. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ യുദ്ധം ചെയ്യാമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും എസ്.എഫ്.ഐ നേതാക്കൾക്ക് എങ്ങനെ ജാമ്യം കിട്ടിയെന്ന് പറയണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
കളമശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചെറിയ പാക്കറ്റിൽ ആക്കി വില്ക്കാൻ വേണ്ടിയുള്ള പദ്ധതി ആയിരുന്നു. വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ ഈ സംരംഭത്തിന് പിന്നിൽ അദ്ദേഹത്തിന്റെ വിദ്യാർത്ഥി സംഘടന നേതാക്കന്മാർ തന്നെയാണ് ഉള്ളത്.
രണ്ടു കിലോ കഞ്ചാവ് പിടി കൂടിയിട്ടും, അത് വാണിജ്യ ആവശ്യത്തിന് ആയിട്ടും SFI നേതാവും യൂണിയൻ ഭാരവാഹി ആയിട്ടും രണ്ടു പേരെ സ്റ്റേഷൻ ജാമ്യത്തിൽ അപ്പോൾ തന്നെ വിട്ടു. ലഹരിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാതെ യുദ്ധം ചെയ്യാം എന്ന് പറഞ്ഞ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും പറയണം എങ്ങനെ SFI നേതാക്കൾക്ക് ജാമ്യം കിട്ടിയെന്ന്.
SFI എന്ന അധോലോക സംഘം ക്യാമ്പസുകളിൽ അക്രമവും അരാജകത്വവും കാട്ടുന്നതിന് ഒപ്പം തന്നെ ലഹരി വ്യാപാരം കൂടി നടത്തുകയാണ്. കോളേജ് ഹോസ്റ്റലുകളിൽ SFI പരിപാലിച്ചു പോരുന്ന ഇടി മുറികൾക്കൊപ്പം ഈ ലഹരി മുറികളും നാടിനു ആപത്താവുകയാണ്. SFI അധോലോക കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന കോളേജ് ഹോസ്റ്റലുകൾ ഉടൻ തന്നെ റെയ്ഡ് ചെയ്താൽ കേരളത്തിലെ ലഹരി ഒഴുക്കിനെ തടയാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.