പത്തനംതിട്ട: കോണ്‍ഗ്രസിലെ പുനസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നേതൃമാറ്റവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൻമാർ ദിവസവും പരസ്യമായി വിവാദപ്രസ്താവനകളുമായി രംഗത്തുവരുന്നത് അവസാനിപ്പിക്കണം. വരാൻ പോകുന്നത് അങ്കണ്‍വാടി തെരഞ്ഞടുപ്പ് അല്ല. യുവ നേതാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കളും കാണിക്കണം -പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
‘ഞങ്ങൾ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ് പാർട്ടിക്കില്ലാത്തത് കൊണ്ടാണ്. കഴിഞ്ഞ 10 വർഷമായി പാർട്ടിയിലെ യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും തലയെടുപ്പുള്ള മുതിർന്ന നേതാക്കൾ കാണിക്കണം. സാധാരണ പ്രവർത്തകന്‍റെ ആത്മവിശ്വാസം തകർക്കരുത്. ദിവസവും രാവിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പാർട്ടിയെ സംബന്ധിച്ച് വരുന്ന വാർത്തകൾ നാണക്കേടാണ്. നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുമോ ഇല്ലേ എന്നതിൽ വ്യക്തത വരുത്തണം. എങ്കിൽ മാത്രമേ തുടരുന്നവർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ കഴിയൂ. വരാൻ പോകുന്നത് അങ്കണവാടി ക്ലാസ് ലീഡറുടെ തെരഞ്ഞെടുപ്പല്ലെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പാണെന്നും ഓര്‍ക്കണം. മുതിർന്ന നേതാക്കൾ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്’ -അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു കുഞ്ഞ് മരിച്ച ദിവസം ചർച്ച ചെയ്യുന്നത് എന്താണ്? കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ കാര്യങ്ങൾ ചർച്ചയാകണം. പുനസംഘടനയിൽ എന്തിനാണിത്ര അനിശ്ചിതത്വം? പാർട്ടി ഹൈകമാൻഡിനറിയാം ആരെ മാറ്റണം ആരെ നിലനിർത്തണം എന്ന്. ഒരു നേതാക്കളുടെയും പേര് പറയാനില്ല. വെറും വാർത്തയാക്കാൻ വേണ്ടി വാർത്താ സമ്മേളനം നടത്തുകയല്ല. പുതു തലമുറ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾക്കില്ല. പാർട്ടി പ്രവർത്തകരുടെ വേദനയാണ് പങ്കുവെക്കുന്നത്. കെ സുധാകരൻ വലിയ ജനപിന്തുണയുള്ള നേതാവാണ്. അദ്ദേഹം കേരളത്തിലെ ഏത് ജങ്ഷനില്‍ പോയാലും ആളുകള്‍ കൂടും’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.