പാലക്കാട്: ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുക എന്ന് പറയുന്നത് പോലെ കള്ളത്തരം കൊണ്ട് കഴിവുകേടിനെ മറയ്ക്കുകയാണ് മന്ത്രി റിയാസെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ദേശീയ പാതയുടെ പണി പൂർത്തീകരിച്ച സ്ഥലത്ത് പരിവാരങ്ങൾക്കൊപ്പം പോയി ക്രെഡിറ്റ് പരേഡ് നടത്തിയ അങ്ങ് റോഡ് തകരുന്നതിന്റെ ഉത്തരവാദിത്വം ഏറ്റടുക്കാത്തതിനെ പറ്റി ചോദിക്കുമ്പോൾ, യു.ഡി.എഫ് പ്രതിസന്ധിയിലാക്കുന്നു എന്ന് പറയുന്നതിന്റെ യുക്തി എന്താണെന്നും രാഹുൽ ചോദിച്ചു. ദേശീയ പാത നിർമ്മാണവും അങ്ങയുമായുള്ള ബന്ധം എന്താണ് എന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു.
ശ്രീ റിയാസ്,
ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുക എന്ന് പറയുന്നത് അങ്ങ് കേട്ടിട്ടില്ലേ? അത് പോലെയാണ് കള്ളത്തരം കൊണ്ട് കഴിവ്കേടിനെ താങ്കൾ മറയ്ക്കുന്നത്.
ദേശീയ പാത ഒരു ചെറു മഴയത്ത് തകർന്നടിഞ്ഞു ജനങ്ങൾക്ക് അപകടം ഉണ്ടാക്കിയതിനെ പറ്റി പറയുമ്പോൾ അങ്ങ് മറ്റെന്തൊക്കെയോ പൊള്ളത്തരം പറഞ്ഞു അത് മറക്കാൻ ആണ് ശ്രമിക്കുന്നത്.
ദേശീയ ഹൈവേയുടെ പണി പൂർത്തീകരിച്ച സ്ഥലത്ത് ഒക്കെ ആ നിർമ്മാണവുമായി പുലബന്ധം പോലും ഇല്ലാത്ത താങ്കളുടെ പരിവാരങ്ങൾക്കൊപ്പം പോയി ക്രെഡിട്ട് പരേഡ് നടത്തിയ അങ്ങ് റോഡ് തകരുന്നതിന്റെ ഉത്തരവാദിത്വം ഏറ്റടുക്കാത്തതിനെ പറ്റി ചോദിക്കുമ്പോൾ, യു.ഡി.എഫ് പ്രതിസന്ധിയിലാക്കുന്നു എന്ന് പറയുന്നതിന്റെ യുക്തി എന്താണ്?
അവിടെ മഴ പെയ്യിച്ചത് യു.ഡി.എഫ് ആണോ?
അതോ മഴയ്ക്ക് പകരം ഞങ്ങൾ കിണ്ടിയിൽ വെള്ളം കൊണ്ട് വന്നു ഒഴിച്ചതാണോ?
പിന്നെ യു.ഡി.എഫ് ഭരണകാലത്ത് താങ്കളുടെ ജില്ലയായ കോഴിക്കോട് അടക്കം ദേശീയ ഹൈവേക്ക് എതിരെ സമരം ചെയ്ത സജീവൻ അടക്കമുള്ളവർ അങ്ങയുടെ പാർട്ടിക്കാർ അല്ലായിരുന്നോ?
കണ്ണൂരിൽ സമരം ചെയ്ത വയൽക്കിളികൾ സി.പി.എമ്മുകാരല്ലേ? അതിന്റെ നേതാവ് കീഴാറ്റൂർ സുരേഷിന്റെ പാർട്ടി സിപിഎം അല്ലേ ? എന്നിട്ട് പച്ച നുണ പറയാൻ നാണമില്ലേ?
പിന്നെ ദേശീയ പാത നിർമ്മാണത്തിലെ കാരണം ആയ ഭൂമി ഏറ്റടുക്കലിന് ഗുണപരമായ നഷ്ടപരിഹാര നിയമം കൊണ്ട് വന്നത് മൻമോഹൻ സിംഗ് സർക്കാർ അല്ലേ?
ഇതൊക്കെ അറിഞ്ഞിട്ടും താങ്കളുടെ ഈ ജല്പനം താങ്കളുടെ ക്രെഡിറ്റ് എടുക്കൽ തട്ടിപ്പ് പൊളിഞ്ഞതിന്റെ ആണ്..
ഇപ്പോഴും മനസിലാകാത്തത് ദേശീയ പാത നിർമ്മാണവും അങ്ങയുമായുള്ള ബന്ധം എന്താണ്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.