ചായക്കടയായാലും നിയമസഭ ആയാലും ചോദ്യത്തിന് ഉത്തരം തരാൻ പറ്റണം, ചോദിക്കുമ്പോൾ സീനിയോറിറ്റി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ? -രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: നിയമസഭ ആയാലും ചാനൽ ചർച്ചയായാലും ചായക്കട ചർച്ചയയായാലും ചോദ്യത്തിന് ഉത്തരം തരാൻ പറ്റണമെന്ന് വ്യവസായ മന്ത്രി പി രാജീവിനോട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ചോദ്യം ചോദിക്കുമ്പോൾ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനൽ ചർച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

ഇന്ന​ലെ നിയമസഭയിൽ നടന്ന ധനാഭ്യർഥന ചർച്ചയിൽ പി. രാജീവുമായി ​കൊമ്പുകോർത്തതിന് പിന്നാലെയാണ് രാഹുലിന്റെ ചോദ്യം. ബിസിനസ് സെൻട്രികായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം എത്രാമതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവർത്തിച്ച് ചോദിച്ചത്. ഒന്നാംസ്ഥാനമെന്ന അവകാശവാദം തെറ്റാണെന്നും കേരളത്തിന് മുകളിൽ പോയിന്റ് ലഭിച്ച മറ്റു സംസ്ഥാനങ്ങൾ ഉണ്ടെന്നും രാഹുലും മാത്യു കുഴല്‍നാടനും പി.സി വിഷ്ണുനാഥും ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമല്ല മന്ത്രി നല്‍കുന്നതെന്നും ഇവർ വിമര്‍ശനമുന്നയിച്ചു.

എന്നാൽ, വ്യവസായ വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തി മന്ത്രി പ്രതിരോധിക്കാൻ ശ്രമിച്ച മന്ത്രി രാഹുലിനെ പരിഹസിക്കാനും ശ്രമിച്ചു. ഇത്‌ ചാനൽ ചർച്ചയല്ലെന്നും കുട്ടികളെക്കാൾ ധാരണയില്ലാത്ത രീതിയിലാണ്‌ കാര്യങ്ങൾ വിളിച്ചുപറയുന്നതെന്നും പി രാജീവ്‌ പറഞ്ഞു. കേരളം ഒന്നാം സ്ഥാനത്ത് എത്തുമ്പോഴാണ് പ്രതിപക്ഷത്തിന് സങ്കടം. അതുകൊണ്ടാണ് റാങ്കിങ്ങിൽ തർക്കവുമായി പ്രതിപക്ഷം വരുന്നത്. സഭയിൽ തുടക്കക്കാരനെന്ന നിലയിലും ചെറുപ്പക്കാരന്‌ അവസരം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ്‌ രാഹുലിന്റെ ചോദ്യത്തിന് വഴങ്ങിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നിയമസഭയിൽ ജൂനിയർ, സീനിയർ എന്നൊന്നില്ലെന്നും 140അംഗങ്ങൾക്കും തുല്യപരിഗണനയാ​ണെന്നും പി.സി. വിഷ്ണുനാഥ് ഓർമിപ്പിച്ചു.

അതിനിടെ, ആവശ്യപ്പെടുന്ന ഉത്തരം കിട്ടണമെന്ന് പ്രതിപക്ഷം ശഠിക്കരുതെന്ന് സ്‌പീക്കർ എ എൻ ഷംസീറും പറഞ്ഞു. രാഹുൽ ആവശ്യപ്പെടുന്ന ഉത്തരം മന്ത്രി നൽകണമെന്ന് രാഹുൽ ശഠിച്ചാൽ അത് നടക്കുന്ന കാര്യമല്ല. മന്ത്രി ഉത്തരം പറഞ്ഞ് കഴിഞ്ഞു. നിങ്ങൾക്കത് ബോധ്യപ്പെട്ടില്ലെങ്കിൽ പുറത്ത് പോയി പറയാമെന്നും കോൺഗ്രസ് അംഗത്തോട് സ്പീക്കർ ഷംസീർ വ്യക്തമാക്കി.

ഇതേക്കുറിച്ചാണ് രാഹുൽ ​ഫേസ്ബുക്കിൽ പ്രതികരണവുമായി എത്തിയത്. ‘വ്യവസായ മന്ത്രി പി. രാജീവിനോട് ഞങ്ങൾ 4 പേര്, പി.സി. വിഷ്ണുനാഥ്, റോജി എം ജോൺ, മാത്യു കുഴൽനാടൻ എന്നിവർ ചോദ്യങ്ങൾ ചോദിച്ചു. പരിഹാസം, പുച്ഛം, കുയുക്തി, യാതൊരു യുക്തിയുമില്ലാത്ത താരതമ്യങ്ങൾ എന്നിവയല്ലാതെ ഒറ്റ ചോദ്യത്തിനും കൃത്യം മറുപടി ഉണ്ടായില്ല. ചോദ്യം ചോദിക്കുമ്പോൾ ഞാൻ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനൽ ചർച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ? ചോദ്യത്തിന് ഉത്തരം നിയമസഭാ ആയാലും ചാനൽ ചർച്ചയായാലും ചായക്കട ചർച്ചയയായാലും തരാൻ പറ്റണം’ -രാഹുൽ കുറിപ്പിൽ പറഞ്ഞു.


Full View

Tags:    
News Summary - Rahul Mamkootathil against p rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.