എന്നാണ് ചായയും ബിസ്ക്കറ്റും നൽകി കേരള പൊലീസ് നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത്? -രാഹുൽ മാങ്കൂട്ടത്തിൽ; ‘കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് ചർച്ച ചെയ്യാൻ സൗകര്യമില്ല’

പാലക്കാട്: കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറഞ്ഞ ബി.ജെ.പിക്കാരുമായി ചർച്ച നടത്തി തീരുമാനിക്കാൻ ഒന്നുമില്ലെന്നും കേസെടുക്കുകയാണ് വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട്ടെ കൊലവിളി പ്രസംഗവും അക്രമവും തടയാൻ കോൺഗ്രസിനെയും ബി.ജെ.പിയെയും ചർച്ചക്ക് ക്ഷണിച്ച​തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് മേൽഘടകം തീരുമാനിച്ചാൽപിന്നെ രാഹുലിന്‍റെ കാൽ തറയിലുണ്ടാകില്ലെന്നും തല ആകാശത്ത് കാണേണ്ടിവരുമെന്നും ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ ഇന്നലെ ഭീഷണി മുഴക്കിയിരുന്നു. കൂടാതെ ബി.ജെപി നടത്തിയ പ്രകടനത്തിലും എം.എൽ.എക്കും സന്ദീപ് വാര്യർക്കുമെതിരെ ​കൊലവിളി നടത്തിയിരുന്നു. ഇതേതുടർന്നാണ് പൊലീസ് ചർച്ചക്ക് വിളിച്ചത്.

എന്നാൽ, കാലെടുക്കുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതും തലയെടുക്കും എന്ന് പറഞ്ഞതും ൺഗ്രസ് ഓഫിസിലേക്കും എം.എൽ.എ ഓഫിസിലേക്കും അക്രമം നിറഞ്ഞ മാർച്ച് നടത്തിയതും ചർച്ച ചെയ്ത് തീരുമാനിക്കണോയെന്ന് രാഹുൽ ചോദിച്ചു. ‘എന്ന് തൊട്ടാണ് കേരള പൊലീസ് ചായയും ബിസ്ക്കറ്റും നൽകി നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത്? നമുക്കവരുടെ മധ്യസ്ഥതയൊന്നും വേണ്ട. ക്രമസമാധാന പ്രശ്നം പരിഹരിക്കാനാണ് ഇവിടെ പൊലീസ്.

അതല്ലാതെ ബി.ജെ.പിയുമായി അടച്ചിട്ട മുറിയിൽ ചായയും ബിസ്ക്കറ്റും കഴിക്കാൻ തൽക്കാലം കോൺഗ്രസിനെ കിട്ടില്ല. അതിന് സൗകര്യമില്ല. അവരുമായി ചായ കുടിക്കാനില്ല. പൊലീസ് ലോ ആൻഡ് ഓർഡർ നിയമപരമായി പരിഹരിച്ചാൽ മതി. അല്ലാത്ത പണി പൊലീസ് ചെയ്യണ്ട. കോൺഗ്രസിനെയും ബി.ജെ.പിയെയും ഒന്നിച്ചിരുത്തി പ്രശ്നം പരിഹരിക്കാമെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ തീർക്കണ്ട. രാജ്യത്ത് നിയമവ്യവസ്ഥ ഉണ്ടല്ലോ.

അതനുസരിച്ച് തീർക്കട്ടെ. ഞങ്ങൾ ഭീഷണി മുഴക്കിയാൽ ഞങ്ങൾക്കെതിരെ കേ​സെടുത്തോളൂ. എത്രയോ പ്രകോപനകരമായ സാഹചര്യങ്ങൾ മുമ്പും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എപ്പോഴെങ്കിലും ജനപ്രതിനിധിയുടെ കാല് വെട്ടുമെന്നും തലയെടുക്കുമെന്നും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഖബറൊരുക്കുമെന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇവരുമായാണോ ഞങ്ങൾ ചർച്ച നടത്തേണ്ടത്? ഇതിനെ ഞങ്ങൾ രാഷ്ട്രീയമായും നിയമപരമായും നേരിടും’ -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട് നഗരസഭ ആരംഭിക്കുന്ന നൈപുണ്യ വികസനകേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള നീക്കം വിവാദമായ സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഭിന്നശേഷി വിദ്യാർഥികളോട് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ് ഓമനക്കുട്ടൻ കൊലവിളി നടത്തിയത്. ആർ.എസ്.എസ് നേതാക്കളെ അവഹേളിച്ചാൽ എം.എൽ.എയെ പാലക്കാട്ട് കാൽ കുത്താൻ അനുവദിക്കില്ലെന്ന് നേരത്തേയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബി.ജെ.പി നേതാവ് ഭീഷണി മുഴക്കിയിരുന്നു.  

Tags:    
News Summary - Rahul Mamkootathil against kerala police and bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.