ന്യൂഡൽഹി: 2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെയാവും പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജ്യമാകെ സഞ്ചരിക്കുന്ന രാഹുൽ ഗാന്ധി അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയ പ്രവർത്തനമല്ല നടത്തുന്നതെന്നും സാധാരണക്കാർക്കു വേണ്ടിയുള്ള രാഷ്ട്രീയപ്രവർത്തനമാണെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ കമൽനാഥ് പറഞ്ഞു.
'2024 തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രതിപക്ഷത്തിന്‍റെ മുഖമായിരിക്കുക മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനാർഥി കൂടിയാവും. അധികാരത്തിനു വേണ്ടിയുള്ള രാഷ്ട്രീയമല്ല രാഹുൽ നടത്തുന്നത്. രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയാണ്. അവർക്കാണ് ആരെയും അധികാരത്തിലെത്തിക്കാനുള്ള അവകാശമുള്ളത്. രാഹുൽ നടത്തുന്നത് പോലെയുള്ള ഒരു പദയാത്ര ലോകചരിത്രത്തിൽ തന്നെയുണ്ടായിട്ടില്ല. ഗാന്ധി കുടുംബത്തെപ്പോലെ രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ച മറ്റൊരു കുടുംബമില്ല' -കമൽനാഥ് പറഞ്ഞു.
പാർട്ടിയെ വഞ്ചിച്ചവർക്ക് പാർട്ടിയിൽ ഒരിക്കലും സ്ഥാനം നൽകില്ലെന്ന്, ജ്യോതിരാദിത്യ സിന്ധ്യ തിരിച്ചുവരുമോയെന്ന ചോദ്യത്തിന് മറുപടിയായി കമൽനാഥ് പറഞ്ഞു. വ്യക്തിപരമായി പറയാനില്ല, എന്നാൽ പാർട്ടിയിൽ വഞ്ചകർക്ക് സ്ഥാനമില്ല.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും സംസ്ഥാനത്ത് പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുമെന്നും കമൽനാഥ് പറഞ്ഞു. അടുത്ത വർഷം അവസാനത്തോടെയാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.