െചറുതോണി(ഇടുക്കി): പ്രതികൂല കാലാവസ്ഥയെ തുടർന്ന് വയനാട് സന്ദർശനം റദ്ദാക്കിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇടുക്കിയിലെ ദുരിതബാധിത മേഖലയിൽ എത്തി. ഒരുമണിക്കൂറിലേറെ മാത്രം നീണ്ട ഹ്രസ്വ സന്ദർശനത്തിൽ വെള്ളാപ്പാറയിൽ വനംവകുപ്പ് ഡോർമിറ്ററിയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്നവരെ ആശ്വസിപ്പിച്ചു. അവരുടെ പ്രശ്നങ്ങൾ േകട്ട രാഹുൽ, കോൺഗ്രസ് സഹായിക്കാമെന്നും കൂടുതൽ സഹായം ലഭ്യമാക്കുന്നതിന് വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്നും വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചക്ക് 12.45ന് പൈനാവ് മോഡൽ െറസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തലക്കും കെ.സി. വേണുഗോപാൽ എം.പിക്കുമൊപ്പം ഇറങ്ങിയ രാഹുൽ 1.10നാണ് ഇവിടെ എത്തിയത്. ക്യാമ്പിൽ 45 പുരുഷന്മാരും 35 സ്ത്രീകളും 26 കുട്ടികളുമാണുണ്ടായിരുന്നത്. ഗാന്ധിനഗർ കോളനിയിലുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും രണ്ട് കുഞ്ഞുമക്കളെയും നഷ്ടപ്പെട്ട ശാന്തിനിലയം മണിയെ അദ്ദേഹം ആശ്വസിപ്പിച്ചു.
ചിലർ കരഞ്ഞും മറ്റുചിലർ സങ്കടപ്പെട്ടും അവരുടെ വിഷമം പങ്കുവെച്ചപ്പോൾ, ചിലർ അവരുടെ ദുരിതം മറന്ന് സന്തോഷം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. ‘മോനെ കാണാൻ സാധിച്ചതാണ് ഞങ്ങളുടെ സന്തോഷം’ എന്ന ഒരു വീട്ടമ്മയുടെ പ്രതികരണത്തോട് രാഹുൽ ഗാന്ധി കൈകൂപ്പി യാത്ര പറഞ്ഞു. ഇവിടെ 40 മിനിറ്റിലേറെ ചെലവിട്ട രാഹുൽ നേരെ കാറിൽ അണക്കെട്ട് തുറന്നതിനെ തുടർന്ന് തകർന്ന ചെറുതോണി പാലം കാണാൻ പുറപ്പെട്ടു.
കാത്തുനിന്ന ജനക്കൂട്ടത്തിന് നടുവിലേക്കാണ് അദ്ദേഹം എത്തിയത്. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, റോഷി അഗസ്റ്റിൻ എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡൻറ് റോയി കെ. പൗലോസ്, പ്രഫ. എം.ജെ. ജേക്കബ്തുടങ്ങിയവർ സ്വീകരിക്കാൻ എത്തിയിരുന്നു. തകർന്ന പാലവും സമീപവാസികളെയും നേരിൽ സന്ദർശിച്ച രാഹുൽ ഗാന്ധി 10 മിനിറ്റോളം പാലം നടന്നു കണ്ടശേഷമാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.