അജിത്തിന്‍റെ ജീവൻ രക്ഷിക്കാൻ സഹായിച്ചവരെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

കൽപറ്റ: വനത്തിൽ വെച്ച്​ പാമ്പുകടിയേറ്റ ആദിവാസി ബാലൻ അജിത്തിനെ രക്ഷിക്കാൻ പ്രവർത്തിച്ച എല്ലാവരെയും രാഹുൽ ഗാന്ധി എം.പി അഭിനന്ദിച്ചു. 13 വയസ്സുകാരനായ അജിത്തിന് വളരെ വേഗത്തിൽ ഇൻട്യൂബെഷൻ നൽകി ജീവൻ നിലനിർത്താനായി അശ്രാന്ത പരിശ്രമം ചെയ്തിരുന്നു. രക്തത്തിലെ ഓക്സിജൻ നില 76 ആയെങ്കിലും സമയോചിത ഇടപെടൽ മൂലം കുരുന്നിന്‍റെ ജീവൻ തിരികെ ലഭിക്കുകയായിരുന്നു.

രാഹുൽ ഗാന്ധി അയച്ച പ്രത്യേക കത്തിൽ അജിത്തിനെ രക്ഷപെടുത്താൻ സഹായിച്ച എല്ലാവരെയും അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്തു. മരക്കടവ് കോളനിയിലെ ആ കുട്ടി ഡോക്ടർമാരുടെ ഒരു ടീമിന്‍റെയും നല്ലവരായ അയൽക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും മറ്റു സഹായികളുടേയുമെല്ലാം സമയോചിത ഇടപെടൽ മൂലം രക്ഷപ്പെടുകയായിരുന്നു. നാളത്തെ വാഗ്ദാനമായ ഒരു കുരുന്നിന്‍റെ ജീവനാണ് തിരികെ ലഭിച്ചതെന്നും അവരുടെയെല്ലാം സ്നേഹം വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.


ഒരേ മനസ്സോടെ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകിച്ച് ഡോ. ഫാത്തിമയെയും മറ്റു ഡോക്ടർമാരെയും നഴ്സുമാരെയും അദ്ദേഹം പ്രത്യേകമായി കത്തിൽ പരാമർശിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തെ നിസ്വാർഥ സേവനം ഇനിയും തുടരണമെന്നും ഒരു നാടിന്‍റെ ആവശ്യത്തിനായി എപ്പോഴും കൂടെ നിൽക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യർഥിച്ചു.

ജീവിതത്തിലും തൊഴിൽ മേഖലയിലും എല്ലാവിധ വിജയങ്ങളും നേർന്നുകൊണ്ടാണ് അദ്ദേഹം കത്ത്​ അവസാനിപ്പിക്കുന്നത്​. കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സെന്‍ററിലെ ജീവനക്കാരുടെ മികച്ച സേവനത്തെയും അദ്ദേഹം പ്രത്യേകമായി ചൂണ്ടിക്കാട്ടി. അപകടനില തരണം ചെയ്തിട്ടില്ലെങ്കിലും കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന്​ ഡോക്ടർമാർ പറഞ്ഞു.

Tags:    
News Summary - Rahul Gandhi congratulates everyone who saved life of Ajith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.