തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. രാഹുൽ ഈശ്വറിനെ രണ്ടു ദിവസത്തേക്ക്, നാളെ വൈകുന്നേരം അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ തിരുവനന്തപുരം ജില്ലാ കോടതിയും രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഇതിനെതിരെയാണ് രാഹുൽ ഈശ്വർ സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി കൃത്യമായ തെളിവുകൾ പരിശോധില്ലെന്നും വീഡിയോ കാണാതെയാണ് ജാമ്യം നിഷേധിച്ചതെന്നുമായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. എന്നാൽ രാഹുൽ ഈശ്വറിന്‍റെ ഈ വാദം തള്ളിക്കൊണ്ട് ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിരാഹാര സമരത്തിലാണ് രാഹുല്‍.
നേരത്തെ, 14 ദിവസത്തേക്കാണ് ജില്ലാ കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. ഈ മാസം ഒന്നിന് വൈകീട്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച് വീഡിയോ ചെയ്ത കേസിൽ രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ രാഹുൽ ഈശ്വറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതിജീവിതയെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവച്ചതായി ആരോപിച്ച് രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാവ് സന്ദീപ് വാരിയർ എന്നിവരടക്കം ആറ് പേർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.