തൃശൂർ: സ്നേഹമാകുന്ന കമ്പളം പുതച്ച് ക്രൂരത നിറഞ്ഞ കണ്ണുകളിൽ നിന്ന് മറഞ്ഞിരിക്കാൻ കൊതിച്ച മല്ലി. അവളുടെ നിഷ്കളങ്ക മനസിനെയും ജീവിതത്തെയും പൊതിഞ്ഞു പിടിക്കാൻ പക്ഷേ ഈ ലോകത്തിനായില്ല. നാടോടിപ്പാട്ടുകളിൽ സ്ഥിരമായി പാടിപ്പതിഞ്ഞ കഥയല്ലിത്, പുസ്തകതാളിലൂടെ മലയാളി മനസുകളിൽ സ്നേഹ വസന്തമായി വന്നെത്തിയ മല്ലിയുടെ സ്വന്തം ജീവിതമാണ്.
എച്ച്.എസ്.എസ് വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്ത വേദിയിൽ ആണ് കാണികൾക്ക് വിസ്മയമൊരുക്കി മല്ലി നിറഞ്ഞാടിയത്. സമീപ വർഷങ്ങളിൽ പുതുതലമുറയെ അക്ഷരം കൊണ്ട് പിടിച്ചിരുത്തിയ അഖിൽ പി. ധർമജൻ്റെ റാം C/o ആനന്ദി എന്ന വൈറൽ നോവലിൻ്റെ ഇതിവൃത്തവും കഥാപാത്രവും നൃത്തരൂപത്തിൽ കാണാനാകുക എന്ന അപൂർവതയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ അവസാന ദിനം കാത്തുവച്ചത്.
ആൺകുട്ടികളുടെ നൃത്തത്തിൽ വായനക്കാരുടെ പ്രിയ കഥാപാത്രം ട്രാൻസ് ജെൻഡറായ മല്ലിയായി ചമഞ്ഞെത്തി കൈയടികൾ വാരിക്കോരി നേടിയത് ആലപ്പുഴ തിരുവമ്പാടി എച്ച്.എസ്.എസിൻ്റെ ജി.ബി. ഭുവൻ ശ്രീഹരിയാണ്. തകർപ്പൻ പ്രകടനത്തിലൂടെ ചുറ്റും ആരാധകരെ നേടിയതിനൊപ്പം തൻ്റെ ആദ്യ സംസ്ഥാന കലോത്സവത്തിലെ മൂന്നാം എ ഗ്രേഡും ഭുവൻ നേടി. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ആണ് പ്ലസ് വൺകാരൻ കഴിഞ്ഞ ദിവസങ്ങളിൽ എ ഗ്രേഡ് നേടിയത്.
ഭുവന് വേണ്ടി വ്യത്യസ്ത ആശയത്തിൽ നൃത്തം ഒരുക്കണമെന്ന ആലോചനയാണ് കൊല്ലം ജില്ല കോടതിയിൽ അഭിഭാഷകനും കൊറിയോഗ്രാഫറുമായ അഡ്വ. സോനു ശ്രീകുമാറിനെയും ജോമറ്റ് അറക്കനെയും റാം C/o ആനന്ദിയിൽ എത്തിച്ചത്. ജോമറ്റ് അറക്കൻ മല്ലിയുടെ ജീവിതം പാട്ടാക്കിയപ്പോൾ, അഡ്വ. സോനു ചുവടുകൾക്ക് ജീവൻ നൽകി. ആശയത്തിൻ്റെ പുതുമ നഷ്ടപ്പെടാതിരിക്കാൻ മറ്റൊരു നൃത്തം ജില്ലയിൽ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാനത്തേക്ക് മല്ലിയുമായി എത്തിയത്. പെൺവേഷം കെട്ടാൻ ആദ്യം തോന്നിയ ചെറിയ മടിയെ ദൂരെ എറിഞ്ഞ് ആത്മവിശ്വാസവുമായി ഭുവൻ ശ്രീഹരി വേദിയിലെത്തിയപ്പോൾ സദസിന് ലഭിച്ചത് അവിസ്മരണീയ കാഴ്ചാനുഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.