രാഹുൽ-അൻവർ കൂടിക്കാഴ്ച വ്യക്തിപരം, തെറ്റ് കാണുന്നില്ലെന്നും കെ. മുരളീധരൻ

തിരുവനന്തപുരം: അർധരാത്രി പി.വി. അന്‍വറിന്‍റെ ഒതായിയിലെ വീട്ടിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ച നടത്തിയത് തികച്ചും വ്യക്തിപരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. അൻവർ മത്സരിക്കരുതെന്ന് രാഹുൽ വ്യക്തിപരമായി പറഞ്ഞു കാണും. അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി. ഏതെങ്കിലും ദൗത്യം പൂർത്തീകരിക്കാൻ വേണ്ടിയല്ല രാഹുൽ പോയതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

അൻവറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാൻ ഒരുപാട് സമയമുണ്ട്. രാഹുൽ പി.വി. അൻവറിനെ കണ്ടതിൽ തെറ്റ് കാണുന്നില്ല. സുഹൃത്തിനെ കണ്ടു എന്ന രീതിയിലെടുത്താല്‍ മതി. അന്‍വറിനോട് മത്സരിക്കരുത്, സഹകരിക്കണം എന്ന് പറഞ്ഞുകാണും. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചിലത് മറക്കേണ്ടിവരും. അത് സ്വാഭാവികമാണ് -മുരളീധരൻ പറഞ്ഞു. രാഹുൽ ക്ഷണിച്ചതുകൊണ്ടാണോ സ്വരാജിനെ സി.പി.എം സ്ഥാനാർഥിയാക്കിയതെന്നും മുരളീധരന്‍ ചോദിച്ചു.

അതേസമയം, പാർട്ടി ചുമതലപ്പെടുത്തിയിട്ടല്ല അൻവറിന്‍റെ വീട്ടിൽ പോയതെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തിൽ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നും രാഹുൽ പ്രതികരിച്ചു. അൻവറിന്‍റെ വീട്ടിലെത്തിയതിന്‍റെയും ഹസ്തദാനം ചെയ്യുന്നതിന്‍റെയും വിഡിയോ പുറത്തുവന്നത് വിവാദമായ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ പ്രതികരണം.

യു.ഡി.എഫിലെ ഒരുവിഭാഗത്തിനും രാഹുലിന്‍റെ നടപടിയിൽ കടുത്ത അതൃപ്തിയുണ്ട്. അൻവർ പിണറായിസത്തിനെതിരായ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അതിൽ ജയിക്കാൻ കഴിയുക യു.ഡി.എഫിനാണ്. യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അത് ഏതെങ്കിലും ഒരു ചുമതലയുടെ അടിസ്ഥാനത്തിലോ, അനുനയത്തിന്‍റെ ഭാഗമായോ അല്ലെന്നും രാഹുൽ വിശദീകരിച്ചു.

അൻവറിനെ കാണാൻ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ല, അതിന് മുതിർന്ന നേതാക്കളുണ്ട്. അൻവർ പിണറായിസത്തിനെതിരെ സംസാരിച്ച നേതാവാണ്, അതിവൈകാരികമായി തീരുമാനം എടുക്കരുതെന്നാണ് അദ്ദേഹത്തോട് പറഞ്ഞത്. പിണറായിസത്തിന്‍റെ തിക്തഫലം അനുഭവിച്ച ഒരാള്‍ ആ ട്രാക്കില്‍ നിന്ന് മാറരുതെന്ന് പറഞ്ഞു. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്‍റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തിട്ടില്ല. അൻവറിന്‍റെ കാലുപിടിക്കാനല്ല പോയതെന്നും രാഹുല്‍ വ്യക്തമാക്കി.

Tags:    
News Summary - Rahul-Anwar meeting is personal, no mistake is seen -K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.