മിഹിർ അഹമ്മദ്
തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ മാതാവ് റജ്നയുടെ പരാതിയിൽ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. തൃക്കാക്കര എ.സി.പി പി.വി. ബേബി ഹിൽപാലസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടി മരിച്ചത് 15നാണ്. മറ്റ് വിവരങ്ങൾ കിട്ടിയതുകൊണ്ട് വിശദ അന്വേഷണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന സലീം -റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15) ഫ്ലാറ്റിന്റെ 26ം നിലയിൽനിന്നാണ് ചാടി മരിച്ചത്. സ്കൂളിൽ മിഹിർ ക്രൂരമായ റാഗിങ്ങിന് ഇരയായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് രക്ഷിതാക്കളുടെ പരാതി. സ്കൂളിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും നൽകിയ പരാതിയിൽ സഹപാഠികൾ മിഹിറിനെ വാഷ്റൂമിൽ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റിൽ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കിക്കുകയും ചെയ്തതായി പറയുന്നുണ്ട്. നിറത്തിന്റെ പേരിലും അധിക്ഷേപം നേരിടേണ്ടിവന്നു. സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തിൽനിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളിൽനിന്നും കഠിനമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക് വിധേയനായി എന്ന് വ്യക്തമാണ്.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും സ്കൂളിൽ അത്തരം സംഭവം നടന്നതായി അറിവില്ലെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. സ്കൂളിന്റെ സൽപേര് കളയാൻ ആസൂത്രിത ശ്രമമാണെന്ന് സംശയമുണ്ടെന്നും സ്കൂൾ അധികൃതർ പറയുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് മിഹിറിന്റെ അമ്മാവൻ ഷെരീഫ് പറഞ്ഞു. അപകടത്തിനു ശേഷം കിട്ടിയ ചാറ്റിങ് ഉൾപ്പെടെ വിവരങ്ങളെല്ലാം സ്കൂൾ അധികൃതർക്ക് കൈമാറിയിരുന്നു. വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമാണ് സ്കൂൾ അധികൃതർ പറഞ്ഞതെന്നും ഷെരീഫ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ സ്കൂളിലേക്ക് മാർച്ച് നടത്തും. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ജില്ലാ ശിശുക്ഷേമസമിതി ആവശ്യപ്പെട്ടു. കുടുംബത്തിന് നീതി ഉറപ്പുവരുത്തുന്ന നടപടി സ്വീകരിക്കുമെന്നും സമിതി വൈസ് ചെയർമാൻ അഡ്വ. കെ.എസ്. അരുൺകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.