തിരുവനന്തപുരം: വാക്സിനെടുത്തിട്ടും പേവിഷബാധയേൽക്കുന്നതിൽ ആശങ്ക ശക്തമായതോടെ, പരിശോധിക്കാൻ ആരോഗ്യവകുപ്പിന് കീഴിലെ വാക്സിൻ ടെക്നിക്കൽ കമ്മിറ്റി ഉടൻ യോഗം ചേരും. പുതുതായി എത്തിയ സ്റ്റോക്കിൽ ഗുണനിലവാര പരിശോധന നടത്തിയിരുന്നു. പ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ട്.
ഒരുമാസത്തിനിടെ, മൂന്നു കുട്ടികൾക്കാണ് വാക്സിനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചു. ഒരുകുട്ടി തിരുവനന്തപുരം, എസ്.എ.ടി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. സാധ്യമായ എല്ലാ ചികിത്സയും നൽകുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഞ്ചു വർഷത്തിനിടെ, വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് 20 പേർ മരിച്ചെന്നാണ് കണക്ക്. വാക്സിൻ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, കുത്തിവെപ്പിലെ അപാകം, പ്രാഥമിക ശുശ്രൂഷയിലെ പോരായ്മ എന്നിവയെല്ലാം പേവിഷബാധക്ക് കാരണമാകും. ഇതെല്ലാം വാക്സിൻ ടെക്നിക്കൽ കമ്മിറ്റി പരിശോധിക്കും.
ഈ വർഷം ആദ്യ നാലു മാസത്തിനിടെ, പേവിഷബാധയേറ്റ് 13 പേർ മരിച്ചു. ഇതിൽ ആറും ഏപ്രിലിലാണ്. വാക്സിൻ 100 ശതമാനവും ഗുണമേന്മയുള്ളതെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. ഓരോ ബാച്ച് വാക്സിന്റെയും ഗുണഫലം സെന്‍ട്രല്‍ ലാബില്‍ ഉറപ്പു വരുത്തിയതിനുശേഷമാണ് വിതരണമെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.