ചോദ്യ ചോർച്ച: ഒളിവിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച്
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ കൊടുവള്ളിയിലെ എം.എസ് സൊലൂഷൻസ് സി.ഇ.ഒ ശുഹൈബിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘം. ഒളിവിൽപോയ പ്രതിക്കായി ക്രൈംബ്രാഞ്ച് വിവിധയിടങ്ങളിൽ പരിശോധന നടത്തി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയെങ്കിലും പ്രതി ഹാജരായിരുന്നില്ല.
ഇയാൾ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്കൗട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് സൈബർ സെല്ലിന്റെയും ലോക്കൽ പൊലീസിന്റെയും സഹായത്തോടെയുള്ള അന്വേഷണം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം ആവശ്യമെങ്കിൽ അറസ്റ്റും രേഖപ്പെടുത്തും.
ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മറ്റു രണ്ട് അധ്യാപകർക്കും ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ഇവർ ഹാജരാകാത്തതിനെ തുടർന്ന് ഡിസംബർ 30നും 31നുമായി ഹാജരാകാനാവശ്യപ്പെട്ട് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. എസ്.എസ്.എൽ.സി, ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ശുഹൈബ് സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ ജില്ല കോടതി 31ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.