പാറളം പഞ്ചായത്തിൽ ബി.ജെ.പി വീണു, കോൺഗ്രസിന് ഭരണം; വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത രണ്ട് അംഗങ്ങളെ പുറത്താക്കി സി.പി.ഐ

തൃശൂർ: പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത രണ്ട് സി.പി.ഐ അംഗങ്ങളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പഞ്ചായത്ത് അംഗങ്ങളും ലോക്കൽ കമ്മിറ്റി അംഗങ്ങളുമായ സി.എം. ഷക്കീർ, വനജ രാജൻ എന്നിവരെയാണ് സി.പി.ഐ പുറത്താക്കിയത്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് ആറും ബി.ജെ.പിക്ക് ആറും സി.പി.എമ്മിന് രണ്ടും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു പിന്നാലെ നറുക്കെടുപ്പിലൂടെയായിരുന്നു ബി.ജെ.പി ഇവിടെ ഭരണം നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് ഇടതുപക്ഷ അംഗങ്ങൾ പിന്തുണ നൽകിയതോടെ ബി.ജെ.പി പ്രസിഡന്റിന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

തുടർന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടന്നപ്പോൾ, സിപിഐ അംഗങ്ങളായ സി.എം. ഷക്കീറും വനജ രാജനും പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. കോൺഗ്രസ് അംഗം റോസ്‌മേരി ആബേഷ് എട്ട് വോട്ടുകൾ നേടിയാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പിൽ റോസ്‌മേരി ആബേഷിന് എട്ട് വോട്ട് ലഭിച്ചപ്പോൾ ബി.ജെ.പിയുടെ മുൻ പ്രസിഡന്റ് അനിത പ്രസന്നന് ആറു വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി സുധ അനിലിന് മൂന്ന് വോട്ടും ലഭിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പിൽ സി.പി.എം അംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു. സിപിഐയുടെ പിന്തുണയോടെ കോൺഗ്രസിന് ഭരണം ലഭിച്ചതോടെ ബി.ജെ.പിക്ക് ഇവിടെ ഭരണം നഷ്ടമായി. കോൺഗ്രസിനും ബി.ജെ.പിക്കും ആറ് വീതവും, എൽ.ഡി.എഫിന് അഞ്ചും (സി.പി.എം-2, സി.പി.ഐ-3) അംഗങ്ങളാണുള്ളത്.

തെരഞ്ഞെടുപ്പിൽ രണ്ട് സിപിഐ അംഗങ്ങൾ തങ്ങളെ പിന്തുണച്ചെന്നും, ഇത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനത്തിന്റെയും കൂട്ടായ്മയുടേയും വിജയമാണെന്നും കോൺഗ്രസ് അംഗം റോസ്‌മേരി ആബേഷ് പ്രതികരിച്ചു. ബിജെപി ഭരണത്തെ പുറത്താക്കുകയെന്ന നാടിന്റെ പൊതുവികാരം മാനിച്ചാണ് വിപ്പ് ലംഘിച്ചും കോൺഗ്രസിനെ പിന്തുണച്ചതെന്ന് സി.പി.ഐ അംഗങ്ങൾ വ്യക്തമാക്കി.

അതേസമയം, യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് ഇടുക്കി ഉപ്പുതറ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പി അംഗം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയും, ഒപ്പം ഒരു സ്വതന്ത്ര അംഗം പിന്തുണയ്ക്കുകയും ചെയ്തു. ആകെ 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ബി.ജെ.പി അംഗം വിപ്പ് ലംഘിച്ചാണ് വോട്ട് ചെയ്തതെന്നതിനാൽ ഇത് അയോഗ്യതയിലേക്ക് നയിക്കാനും പഞ്ചായത്തിൽ വീണ്ടും ഭരണ അസ്ഥിരത ഉണ്ടാകാനും സാധ്യതയുണ്ട്.

Tags:    
News Summary - BJP Loses Power in Paralam Grama Panchayat as CPI Members Defy Whip to Support Congress; Upputhara Panchayat LDF Rule Ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.