ന്യൂഡല്‍ഹി: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരായ പി.ജയരാജന്‍റെ ആരോപണത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാധ്യമങ്ങളെ നേരിട്ട് കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം ചർച്ചചെയ്യുമോയെന്ന ചോദ്യത്തോട് തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
കണ്ണൂരിലെ റിസോർട്ട് നിർമാണത്തിന്റെ മറവില്‍ സാമ്പത്തിക തിരിമറിയും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായാണ് ജയരാജനെതിരെ ആരോപണം ഉയർന്നത്. ആന്തൂർ നഗരസഭയിലെ നാലാം വാർഡായ ഉടുപ്പക്കുന്നിലെ ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.
ഇ.പി ജയരാജന്റെ മകൻ ജെയ്‌സന്റെ പേരിൽ അനധികൃതമായി കുന്നിടിച്ച് ആയുർവേദ റിസോർട്ട് നിർമിക്കുന്ന വാർത്ത 2018ൽ ‘മീഡിയവൺ’ ചാനൽ പുറത്തുവിട്ടിരുന്നു. പി. ജയരാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തായിരുന്നു ഇത്.
ഈ റിസോർട്ടിന്റെ മറവിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ നടക്കുകയും അനധികൃതമായ സ്വത്തുക്കള്‍ സമ്പാദിക്കുകയും ചെയ്തെന്നാണ് ആരോപിക്കപ്പെടുന്നത്. തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും അന്വേഷണം വേണമെന്നും കമ്മിറ്റിയില്‍ പി. ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, രേഖാമൂലം എഴുതിത്തന്നാല്‍ ആരോപണത്തില്‍ അന്വേഷണം നടത്താമെന്നാണ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. ജെയ്‌സൻ ചെയർമാനായ സ്വകാര്യ കമ്പനിയാണ് റിസോർട്ട് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.