ക്വാറൻറീൻ ലംഘിച്ച് മധുവിധു ആഘോഷിക്കാൻ മുങ്ങിയ ഐ.എ.എസുകാരനെ തിരിച്ചെടുത്തു, ഗൺമാൻ ഇപ്പോഴും സസ്പെൻഷനിൽ

തിരുവനന്തപുരം: ക്വാറൻറീനില്‍ കഴിയവെ നാട്ടിലേക്ക് മുങ്ങി മധുവിധു ആഘോഷിച്ച് മടങ്ങിയെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വിസില്‍ തിരിച്ചെടുത്തു. പക്ഷെ മുങ്ങിയ വിവരം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്യപ്പെട്ട ഗൺമാ​​​െൻറ കാര്യത്തിൽ തീരുമാനമായില്ല. കൊല്ലം സബ് കലക്ടറായിരിക്കെ മുങ്ങിയ അനുപം മിശ്രയെയാണ് ആലപ്പുഴ സബ്കലക്ടറായി തിരിച്ചെടുത്ത് ചീഫ് സെക്രട്ടറി ഈ മാസം ഉത്തരവ് പുറപ്പെടുവിച്ചത്. 

ചെറുപ്പക്കാരൻ, ആദ്യ പിഴവ് എന്നീ കാരണങ്ങൾ പറഞ്ഞാണ് അദ്ദേഹത്തി​​​െൻറ വിശദീകരണം അംഗീകരിച്ച് സർവീസിൽ തിരിച്ചെടുത്തിട്ടുള്ളത്. എന്നാൽ ചെയ്ത തെറ്റ് എന്താണെന്ന് പോലും അറിയാതെ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ് ഗണ്‍മാന്‍ സുജിത്ത്​. ഇയാൾക്കൊപ്പം സസ്പെൻഷനിലായ ഡ്രൈവറെ റവന്യു വകുപ്പ് സർവിസിൽ തിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചിലാണ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം മിശ്ര മുങ്ങിയത്.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് സിംഗപ്പുർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് മാർച്ച് 19ന് ഉച്ചക്ക് ജോലിയിൽ ഹാജരായ അനുപം മിശ്രയോട് ക്വാറൻറീനിൽ പോകാൻ ജില്ല കലക്ടർ നിർദ്ദേശിക്കുകയായിരുന്നു. മധുവിധുവിന് പോകാൻ അവധി നൽകണമെന്ന ആവശ്യം നിരാകരിച്ചായിരുന്നു കലക്ടറുടെ നിർദ്ദേശം. തുടർന്നാണ് അന്ന് രാത്രി ഗൺമാനെയോ ഡ്രൈവറേയോ അറിയിക്കാതെ യുവ ഐ.എ.എസുകാരൻ കാൺപൂരിലേക്ക് മുങ്ങിയത്​. അത് മാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി. 

എന്നാൽ ഉത്തർപ്രദേശ് സർക്കാറിലെ പ്രമുഖ​​​െൻറ ബന്ധുകൂടിയായ ഇദ്ദേഹം ഇപ്പോൾ മടങ്ങിയെത്തി സർവീസിൽ പ്രവേശിക്കുകയും ചെയ്തു. വെറും ശാസനയോടെ സബ് കലക്ടർ ജോലിയിൽ പ്രവേശിച്ചിട്ടും ഗൺമാനായിരുന്ന പൊലിസുകാരൻ താൻ ചെയ്ത തെറ്റ് എന്താണെന്ന് പോലും മനസിലാകാതെ സസ്പെൻഷനിൽ തുടരുകയാണെന്നതാണ് സത്യം. ഇനി സർവീസിൽ കയറിയാലും ചെയ്യാത്ത കുറ്റത്തിന് ഇൻക്രിമ​​െൻറ്​ ഉൾപ്പെടെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സുജിത്ത്. 

സുജിത്തിനെ സസ്പെൻഡ് ചെയ്തതിനുള്ള കാരണവും രസകരമാണ്. മാർച്ച് ഏഴിന് ക്വാറൻറീനിൽ പ്രവേശിക്കാൻ അറിയിപ്പ് കൊടുത്തിട്ടും അത് ലംഘിച്ച് 19ന് സബ് കലക്ടറെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പോയി എന്ന കാര്യമാണ് സസ്പെൻഷന് കാരണമായി പറഞ്ഞിട്ടുള്ളതത്രേ. യഥാർത്ഥത്തിൽ സുജിത്തിനോട്  ക്വാറൻറീനിൽ പോകാൻ ആരും ഒരു അറിയിപ്പും കൊടുത്തിട്ടില്ലെന്നതാണ് സത്യം. അതുമല്ല 19നാണ് വിദേശയാത്ര നടത്തി മടങ്ങിയെത്തിയ സബ് കളക്ടറുമായി സുജിത്ത് സമ്പർക്കത്തിലേർപ്പെടുന്നതും. പിന്നെ എന്തിനാണ് 17 മുതൽ പത്ത് ദിവസം ക്വാറൻറീനിൽ പോകാൻ നിർദ്ദേശിച്ചെന്ന കാര്യത്തിലും ഗൺമാന് വ്യക്തതയില്ല. ആരും ഇക്കാര്യം പറഞ്ഞിട്ടുമുണ്ടായില്ലെന്ന് ഗൺമാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അന്ന് 14 ദിവസം ക്വാറൻറീൻ കാലാവധി നിലനിൽക്കുമ്പോൾ എന്തിനാണ് പത്ത് ദിവസം പോകാൻ പറഞ്ഞിരുന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല.

സബ്കലക്ടറെ വിളിക്കാൻ പോയത് ഡ്യൂട്ടിയുടെ ഭാഗമായി അദ്ദേഹം വിളിച്ചിട്ടാണ്. അന്ന് വിളിക്കാൻ പോയില്ലെങ്കിൽ ഡ്യൂട്ടി ചെയ്തില്ല എന്ന കാരണത്താൽ നടപടിയുണ്ടാകുമായിരുന്നു. സബ്കലക്ടർ വിദേശയാത്ര നടത്തിയ കാര്യവും ഗൺമാന്​ അറിയില്ലായിരുന്നു. കോവിഡ്​ തുടങ്ങിയ സമയം ആയതുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക്  ക്വാറൻറീൻ  ഇല്ലായിരുന്നു. 
 
19ന്‌ രാത്രി തന്നെ സബ്കലക്ടർ തിരികെ പോയി. ബംഗളൂരുവിലേക്ക് പോവുകയാണെന്നും  പിറ്റേ ദിവസം ഉച്ചയോടെ തിരികെയെത്തുമെന്നുമാണ്​ പറഞ്ഞത്​. സ്വകാര്യ വാഹനത്തിൽ വീട്ടിൽ എത്തിച്ചേരുമെന്നും താൻ വിളിച്ചിട്ട് മാത്രം വന്നാൽ മതിയെന്നും സബ് കലക്ടർ പറഞ്ഞത് ഗൺമാൻ അനുസരിക്കുകയായിരുന്നത്രേ. അതി​​​െൻറ പേരിലാണ് സുജിത്തിനെ നാല് മാസമായി സസ്പെൻഷനിൽ നിർത്തിയിരിക്കുന്നത്. എന്നാൽ ഗുരുതരമായ സർവീസ് ചട്ടലംഘനം നടത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥ​​​െൻറ വിശദീകരണങ്ങൾ അപ്പാടെ ഉൾക്കൊണ്ട് സർവീസിൽ തിരിച്ചെടുക്കുകയുമാണ് ചെയ്തിട്ടുള്ളത്.

ഗൺമാനെ ക്വാറൻറീനിൽ പോകാൻ നിർദ്ദേശിച്ചതായുള്ള രേഖകളൊന്നും കൊല്ലത്തെ പൊലീസ് ആസ്ഥാനത്തില്ലെന്നാണ് വിവരം. നിർദ്ദേശിച്ചിരുന്നില്ലെന്ന ഡി.എം.ഒ യുടെ ഉത്തരവി​​​െൻറ പകർപ്പുണ്ട് താനും. പിന്നെ എന്തിനാണ് ഐ.എ.എസുകാരൻ ചെയ്ത കുറ്റത്തിന് പൊലീസുകാരനെ ബലിയാടാക്കിയതെന്ന ചോദ്യം ശക്തമാകുകയാണ്.
 

Tags:    
News Summary - Quarantine Vialotaion Subcollector Return To Duty Gunman till Under Suspension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.