പുതിയ മുന്നണിയുമായി പി.വി. അന്‍വര്‍; മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’യുടെ ബാനറിൽ

മലപ്പുറം: പുതിയ മുന്നണി രൂപവത്കരിച്ച് പി.വി. അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി.വി. അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’യുടെ ബാനറിൽ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം.

മൂന്നാം മുന്നണി രൂപവത്കരണത്തിന്‍റെ ഭാഗമായാണ് നീക്കം. ആം ആദ്മി പാർട്ടി മുന്നണിയെ പിന്തുണച്ചേക്കും. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് മുന്നണി രൂപവത്കരണം. നിരവധി ചെറിയ സംഘടനകള്‍ കൂടി മുന്നണിയുടെ ഭാഗമായേക്കും.

തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ പാർട്ടി ചിഹ്നത്തിന്‍റെ കാര്യത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് അൻവർ പറഞ്ഞു. പാർട്ടി ചിഹ്നം ആവശ്യപ്പെടും, ലഭിച്ചില്ലെങ്കിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കും. നിരവധി ചെറിയ സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു.

എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്കെതിരെയും രൂക്ഷവിമർശനവുമായി അൻവർ രംഗത്തെത്തി. നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി.വി വെച്ച് കാണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേരത്തെ, താൻ ചതിച്ചതാണ് ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നൽകുമെന്ന് അൻവർ പറഞ്ഞിരുന്നു.

വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും. നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും അൻവർ പറഞ്ഞു. അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വി.ഡി സതീശനും, ഒരുഭാഗത്തും ജനങ്ങൾ ഒരു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കുമെന്നും പി.വി അൻവർ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. അൻവറിനു പുറമെ, എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജ്, ബി.ജെ.പി സ്ഥാനാർഥി മോഹൻജോർജ് എന്നിവർ പത്രിക സമർപ്പിക്കും. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

Tags:    
News Summary - PV Anvar with a new front; will contest under the banner of this Front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.