മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയിൽ പി.വി. അൻവർ പങ്കെടുക്കും. ജാഥയുടെ നിലമ്പൂരിൽ നടക്കുന്ന പരിപാടിയിലാണ് അൻവർ പങ്കെടുക്കുക.
മുസ്‍ലിം ലീഗ് സംസ്ഥാന കമ്മറ്റി കവളപ്പാറയില്‍ നിർമിച്ച വീടുകള്‍ കൈമാറുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍വർ ഇക്കാര്യം പറഞ്ഞത്. എന്നാൽ, യു.ഡി.എഫ് ഔദ്യോഗികമായി ക്ഷണിച്ചോ എന്ന ചോദ്യത്തിന് അന്‍വർ മറുപടി നൽകിയില്ല. ഇന്നലെ മാനന്തവാടിയിൽവെച്ച് വി.ഡി സതീശനുമായി പി.വി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുസ്‍ലിം ലീഗിന്റെ പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പത്ത് വീടുകളുടെ താക്കോല്‍ ദാനത്തിലാണ് പി.വി. അന്‍വര്‍ പങ്കെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നീ നേതാക്കള്‍ക്കൊപ്പമാണ് അന്‍വര്‍ പങ്കെടുത്തത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവിന്‍റെ മലയോര സമരയാത്ര. ഇരിക്കൂരിലെ കരുവഞ്ചാലിൽ നിന്നും ആരംഭിച്ച യാത്ര ഫെബ്രുവരി 5ന് തിരുവനന്തപുരം അമ്പൂരിയില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.