‘എനിക്കെതിരെ പറഞ്ഞതൊന്നും പിന്‍വലിക്കേണ്ട, സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രം പറഞ്ഞാല്‍ മതി’; നിലപാട് ആവർത്തിച്ച് വി.ഡി. സതീശൻ

നിലമ്പൂർ: പി.വി. അൻവർ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമർശം പിൻവലിക്കണമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഇക്കാര്യത്തിൽ മാറ്റമില്ലെന്നും അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ നാളെ വൈകീട്ടോടെ തീരുമാനമുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമോ, വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നാണ് ഏറ്റവും എളിമയോടെയും വിനയത്തോടെയും പറഞ്ഞത്. ഞങ്ങളുടെ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ യു.ഡി.എഫിന്‍റെ തീരുമാനം അപ്പോള്‍ പറയാം. ആദ്യം മുതല്‍ക്കെ ഇതല്ലാതെ ഞങ്ങളുടെ കൂട്ടത്തിലുള്ള ആരെങ്കിലും ആരെയെങ്കിലും പ്രകോപിപ്പിച്ചു കൊണ്ട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല -സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നെക്കുറിച്ച് അദ്ദേഹം പറയുന്നതില്‍ ഒരു കുഴപ്പവുമില്ല. ഈ വിഷയം മാത്രമല്ല തെരഞ്ഞെടുപ്പിലുള്ളത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യു.ഡി.എഫിലെ എല്ലാ നേതാക്കളും പരസ്പരം കൂടിയാലോചന നടത്തിയാണ് തീരുമാനിക്കുന്നത്. നാളെ വൈകീട്ടോടെ തീരുമാനം എടുക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് എല്ലാവരുമായി ആലോചിച്ചാണ്. എനിക്കെതിരെ പറഞ്ഞതൊന്നും പിന്‍വലിക്കേണ്ട. ഞങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നുണ്ടോ ഇല്ലയോ എന്നു മാത്രം അദ്ദേഹം വ്യക്തമാക്കിയാല്‍ മതി -സതീശൻ കൂട്ടിച്ചേർത്തു.

നേരത്തെ, കെ.സി. വേണുഗോപാൽ താനുമായുള്ള ചർച്ച വേണ്ടെന്നുവെച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പി.വി അൻവർ പറഞ്ഞിരുന്നു. യു.ഡി.എഫ് ചെയ‍ർമാന് ഗൂഢലക്ഷ്യമുണ്ടെന്നും അൻവർ ആരോപിച്ചു. പിണറായിസത്തെ തകർക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കിലും തന്നെ ഒതുക്കാനാണ് യു.ഡി.എഫ് ചെയർമാൻ ശ്രമിക്കുന്നത്.

ഇനി തന്‍റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വി.ഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുകയാണെന്നും അൻവർ ആരോപിച്ചു.

അതേസമയം, അൻവർ യു.ഡി.എഫ് സ്ഥാനാർഥിയെ അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽകുകയാണ് കോൺഗ്രസ്. അൻവർ സതീശനെ മാത്രം ലക്ഷ്യമിടുന്നതിന്‍റെ ലക്ഷ്യം പാർട്ടിയിൽ ഭിന്നതയുണ്ടാക്കാനാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

Tags:    
News Summary - PV Anvar should withdraw his remarks about UDF candidate -V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.