എ​ട്ടൊമ്പത് മാസമായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയെന്ന് തെളിഞ്ഞു; പി.വി. അൻവർ

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കോക്കസിനും കേന്ദ്രസർക്കാറും ആർ.എസ്.എസുമായുള്ള ബന്ധത്തെ കുറിച്ച് താൻ എട്ടൊമ്പത് മാസമായി പറഞ്ഞുകൊണ്ടിരിക്കുന്നത് ശരിയാണെന്ന് തെളിഞ്ഞു​വെന്ന് പി.വി. അൻവർ. 1977ലെ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും ആർ.എസ്.എസും തമ്മിൽ സഹകരണമുണ്ടായിരുന്നുവെന്ന പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അൻവർ.

ആർ.എസ്.എസ് ബന്ധമുള്ള സംഘം ​ഐ.എ.എസിലും ഐ.ആർ.എസിലും ഐ.പി.എസിലും വരെ പ്രവർത്തിക്കുന്നുണ്ട്. അത് കേരളത്തിന്റെ മതേതര സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും അൻവർ ചൂണ്ടിക്കാട്ടി. മകളെ രക്ഷിക്കാനായി മുഖ്യമന്ത്രി അവരെയെല്ലാം സംരക്ഷിച്ച് മുന്നോട്ടു പോവുകയാണ്.

അതിന്റെ ഭാഗമാണ് തൃശൂരിൽ എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ പൂരം കലക്കിയ സംഭവം. 20 കൊല്ലമായി ഒരു എം.പിയെ ഉണ്ടാക്കാൻ ബി.ജെ.പി നേതൃത്വം തലകുത്തി മറിഞ്ഞിട്ടും സാധിക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അജിത് കുമാർ സുന്ദരമായി നടത്തിക്കൊടുത്തു. ഹിന്ദുത്വ തീവ്രവാദവുമായി സി.പി.എം നേതൃത്വം അടുക്കുന്നതിന്റെ ഒരുപാട് തെളിവുകൾ മുമ്പും പറഞ്ഞിട്ടുളളതാണ്. അതിന്റെ അവസാനത്തെ തെളിവാണ് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വായിൽ നിന്ന് പുറത്തുവന്നത്. ആർ.എസ്.എസുമായി പല ഘട്ടത്തിലും ഞങ്ങൾ കൂട്ടുചേർന്നിട്ടുണ്ട്. വേണ്ടി വന്നാൽ ഇനിയും കൂട്ടുചേരും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് മറ്റെന്തൊക്കെയോ പറഞ്ഞ് അദ്ദേഹം രക്ഷപ്പെടാൻ നോക്കുകയാണെന്നും അൻവർ ആരോപിച്ചു.

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആർ.എസ്.എസുമായി ചേര്‍ന്നെന്ന് കഴിഞ്ഞദിവസമാണ് എം.വി. ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞത്. 'അടിയന്തരാവസ്ഥ അര്‍ധ ഫാഷിസത്തിന്റെ രീതിയായിരുന്നു. അപ്പോള്‍ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞത്. ജമാഅത്തെ ഇസ്‍ലാമി മുമ്പ് എൽ.ഡി.എഫിനെ പിന്തുണച്ചത് ഓര്‍മിപ്പിച്ചപ്പോഴായിരുന്നു പ്രതികരണം. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും അത് പറഞ്ഞാല്‍ വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വിവാദമായതോടെ പിന്നീട് പ്രസ്താവനയിൽ നിന്ന് അദ്ദേഹം മലക്കം മറിയുകയും ചെയ്തു.

Tags:    
News Summary - P V Anvar reacts to MV Govindan's revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.