തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ 10 മാനുകൾ ചത്ത സംഭവത്തിൽ നടപടി സ്വീകരിക്കാത്ത അധികൃതർ, ചത്ത മാനുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മാധ്യമങ്ങളിൽ അടക്കം ചിത്രങ്ങളും ദൃശ്യങ്ങളും വരാൻ കാരണക്കാരനായി എന്ന് ആരോപിച്ചാണ് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഗ്രേഡ് പി.കെ. മുഹമ്മദ് ഷമീമിനെ സസ്പെൻഡ് ചെയ്തത്.
തൃശൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ, തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, തൃശൂർ അസി. ഫോറസ്റ്റ് കൺസർവേറ്റർ (സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ) എന്നിവരുടെ റിപ്പോർട്ടുകൾ അനുസരിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. മാനുകളുടെ പോസ്റ്റ് മോർട്ടം മുതൽ ജഡം മറവുചെയ്യുന്നത് വരെയുള്ള സമയത്ത് ദൃശ്യങ്ങളോ ചിത്രങ്ങളോ എടുക്കരുതെന്ന നിർദേശം പാലിച്ചില്ലെന്നും ഫോണിൽ നിന്ന് സംശയകരമായ കോളുകൾ പോയതായും ഇതുസംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാനായിട്ടില്ലെന്നും കാണിച്ചാണ് നടപടി.
ജീവനക്കാരൻ സർവിസിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ചാണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, പത്ത് മാനുകൾ കൊല്ലപ്പെടാനിടയായ സംഭവമോ ഇതിന്‍റെ കാരണക്കാരോ സംബന്ധിച്ച് വനംവകുപ്പോ സർക്കാറോ ഇതുവരെ വ്യക്തമായ നടപടി സ്വീകരിച്ചിട്ടില്ല. നവംബർ 11ന് രാവിലെ മാനുകളെ ചത്ത നിലയിൽ കണ്ടെത്തിയ സമയം മുതൽ എല്ലാം രഹസ്യമാക്കി വെക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. ചത്ത മാനുകളുടെ എണ്ണമോ തെരുവ് നായ്ക്കൾ പാർക്കിൽ കയറിയത് എങ്ങനെയെന്നോ ആദ്യം പുറത്തുപറഞ്ഞിരുന്നില്ല. സംഭവം അറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ സുവോളജിക്കൽ പാർക്കിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തിരുന്നു. ഒരു വിവരവും പുറത്തുപോകാൻ പാടില്ലാത്ത വിധത്തിൽ തികച്ചും രഹസ്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് അധികൃതർ ശ്രമിച്ചത്.
നവംബർ 11ന് പുലർച്ച നടന്ന സംഭവത്തിൽ വൈകീട്ട് വരെ വിവരങ്ങൾ പുറത്തുവരുന്നത് തടയാനും അധികൃതർ ശ്രമിച്ചിരുന്നു. മാനുകളുടെ മരണം ‘കാപ്ചർ മയോപതി’ എന്ന അവസ്ഥ മൂലം ഹൃദയാഘാതമുണ്ടായാണെന്നും തൊട്ടടുത്ത ദിവസം വിശദീകരണമുണ്ടായി. ഇതിലൂടെ തെരുവ് നായ് ആക്രമണം ഉണ്ടായിയെന്ന കാര്യം മറയ്ക്കാനായിരുന്നു ശ്രമം. ആക്രമണ സമയത്ത് മാനുകൾക്ക് സംഭവിക്കുന്ന സംഭവമാണ് കാപ്ചർ മയോപതി എന്ന വിശദീകരിച്ചിരുന്നില്ല.
കൊല്ലപ്പെട്ട മാനുകളുടെ എണ്ണവും വിവരങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുകയും അട്ടിമറി ശ്രമം അടക്കം അന്വേഷിക്കുമെന്നും ആവശ്യമെങ്കിൽ പൊലീസ് അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തത്. ഈ അന്വേഷണം പ്രഖ്യാപിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും പാർക്കിനുള്ളിൽ തെരുവ് നായ്ക്കൾ കടന്നുകയറിയതിലും മാനുകൾ കൊല്ലപ്പെട്ടതിലും ആർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അറിവ്.
വനംവകുപ്പ് നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് തൃശൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടപടികളിലും വ്യക്തമാണ്. ഇതേതുടർന്ന് കോടതി മാന്നാമംഗലം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. മാനുകളുടെ മൃതദേഹം സംസ്കരിച്ചതിൽ നടപടി ക്രമം പാലിച്ചില്ലെന്ന് കാണിച്ചാണ് നോട്ടിസ് നൽകിയത്. ഇതോടൊപ്പം കേന്ദ്ര സൂ അതോറ്റിയും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ പരാതിയിലാണ് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. ഇത്തരം വിഷയങ്ങളെല്ലാം നിലനിൽക്കുന്നതിനിടെ ചിത്രങ്ങൾ പുറത്തുവിട്ടുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത് മാനുകൾ കൊല്ലപ്പെട്ട സംഭവത്തിലെ യഥാർഥ കുറ്റവാളികളെ സംരക്ഷിക്കാനും പുത്തൂർ പാർക്കിൽ സുരക്ഷിത സൗകര്യം ഒരുക്കിയിട്ടില്ലെന്ന ആക്ഷേപങ്ങൾ തടയാനുമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.