പുന്നല ശ്രീകുമാർ
കോഴിക്കോട്: സംസ്ഥാന സർക്കാർ ആഗോള അയ്യപ്പ സംഗമം നടത്താനിരിക്കെ രൂക്ഷ വിമർശനവുമായി കെ.പി.എം.എസ് അധ്യക്ഷനും നവോഥാന മൂല്യ സംരക്ഷണ സമിതിയുടെ മുൻ കൺവീനറുമായ പുന്നല ശ്രീകുമാർ. നാല് വോട്ടിനും രണ്ട് സീറ്റിനും വേണ്ടി നിലപാട് മാറ്റില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചവരാണ് വഞ്ചിക്കപ്പെടുന്നതെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു.
ഒരു പരിഷ്‌കരണ ചിന്തയെ മുന്നോട്ടു നയിച്ച സർക്കാറിന് തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുമ്പോൾ ഒരവസരവാദ നിലപാട് സ്വീകരിക്കാൻ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. ശബരിമലയിൽ നാളെ യുവതികൾ ദർശനം നടത്തുമോ എന്നതല്ല. അതിലൊരു നിലപാടാണ് പ്രശ്നം. ഭരണഘടന ബെഞ്ച് യുവതീപ്രവേശം അനുവദിച്ച് ഉത്തരവിറക്കിയാൽ പോലും ഉടനെ അവിടെ സ്ത്രീകൾ കയറണമെന്നില്ല.
അതിന് പാകപ്പെടുന്ന ഘട്ടംവരെ ആശയസമരം തുടരേണ്ടിവരും. പക്ഷേ, ഇത്തരം കാര്യങ്ങളിൽ ഒരു കമ്യൂണിസ്റ്റ് സർക്കാറിന് നിലപാട് ഒരു പ്രശ്നമാണ്. ഇതിനുവേണ്ടി വനിതകളെ അണിനിരത്തി വനിതാ മതിൽ നടത്തിയ സർക്കാറിന് സമൂഹത്തെ പിന്നോട്ടുനടത്താൻ പറ്റുമോ. അത് തെറ്റായ സന്ദേശമല്ലേ നൽകുകയെന്നും അങ്ങനെ ഉണ്ടായാൽ സർക്കാറിന് വില കൊടുക്കേണ്ടിവരുമെന്നും ശ്രീകുമാർ പറഞ്ഞു.
ബി.ജെ.പി അവരുടെ സാന്നിധ്യം അറിയിക്കാനും സീറ്റുകൾ നേടാനും ശ്രമിക്കുന്ന ഘട്ടമാണ്. ബി.ജെ.പി ഹിന്ദു കാർഡ് ഉപയോഗിക്കുമ്പോൾ ആ വോട്ട് ഏകപക്ഷീയമായി ബി.ജെ.പി കൊണ്ടുപോകേണ്ട എന്ന ചിന്തയിൽ നിന്നുള്ള തന്ത്രപരമായ നീക്കമായാണ് അതിനെ കാണുന്നത്. അങ്ങനെ കരുതുമ്പോഴും അടിസ്ഥാനപരമായ ഒരുനവോഥാന പശ്ചാത്തലം കേരളത്തിനുണ്ട്.
സി.പി.എമ്മിനെ പോലൊരു പാർട്ടി അധികാരത്തിനു വേണ്ടി അവസരവാദ നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്ന് ചിന്തിക്കുന്ന ഒരു വലിയ സമൂഹം കേരളത്തിലുണ്ട്. ആ പരിഷ്കൃത സമൂഹത്തിനു മുമ്പിൽ അവർ ചോദ്യം ചെയ്യപ്പെടും. അവിടെ സി.പി.എം വിലകൊടുക്കേണ്ടിവരുമെന്നതിൽ തർക്കമില്ലെന്നും വിചാരണ ചെയ്യപ്പെടുമെന്നും പുന്നല ശ്രീകുമാർ മലയാള ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.