പ്രതീകാത്മക ചിത്രം

വിതരണം തീർത്തില്ലെങ്കിൽ ശിക്ഷ; ഭീഷണി നോട്ടിസ് നൽകിയും ബി.എൽ.ഒമാർക്ക് സമ്മർദം

തിരുവനന്തപുരം: എസ്.ഐ.ആർ ഫോം വിതരണം പൂർത്തിയാക്കാത്ത ബി.എൽ.ഒമാർക്ക് കൈമാറാനായി ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസർമാർ(ഇ.ആർ.ഒ) തയാറാക്കിയ ഭീഷണി നോട്ടിസ് പുറത്ത്. എന്യൂമറേഷൻ ഫോം വിതരണം 50 ശതമാനം പൂർത്തിയാക്കാത്ത ബി.എൽ.ഒമാർ ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്ന ശിക്ഷ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

സമ്മർദമില്ലെന്ന് കമീഷൻ ആവർത്തിക്കുമ്പോഴാണിത്. ഫോം വിതരണം പൂർത്തിയാക്കാൻ പാലക്കാട് ജില്ലയിൽ രണ്ട് ഇ.ആർ.ഒമാർ നൽകിയ സമയപരിധി നവംബർ 15 ആയിരുന്നു. നവംബർ നാലിന് ആരംഭിച്ച എസ്.ഐ.ആർ വിവരശേഖരണത്തിന് ഡിസംബർ നാല് വരെ സമയമുണ്ടായിരിക്കെയാണ് 11 ദിവസം കൊണ്ട് വിതരണം തീർക്കാൻ ഉദ്യോഗസ്ഥർ ശാഠ്യം പിടിച്ചത്.

ബൂത്ത് നമ്പർ എഴുതിച്ചേർക്കാൻ പാകത്തിൽ ഈ ഭാഗം വിട്ടുള്ള നോട്ടിസാണ് അച്ചടിച്ചിരിക്കുന്നത്. ഫലത്തിൽ ഒന്നോ രണ്ടോ പേർക്കല്ല, ലക്ഷ്യം തികയ്ക്കാത്ത ബി.എൽ.ഒമാർ ആരാണോ അവരുടെ ബൂത്ത് നമ്പർ എഴുതിചേർത്ത് വ്യാപകമായി കൈമാറലായിരുന്നു നോട്ടിസിന്‍റെ ഉദ്ദേശം. വിതരണം പൂർത്തിയാക്കാത്തവർ രാത്രി കാമ്പയിനിങ് അടക്കം നടത്തി വേഗം തീർക്കണമെന്നാണ് നിർദേശം. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രേഖാമൂലവും ഫോണിലും വലിയ സമ്മർദമാണ് എം.എൽ.ഒമാർക്കുള്ളതെന്നുമാണ് സർവിസ് സംഘടനകളുടെ ആരോപണം.

2.78 കോടി വോട്ടർമാർക്ക് 24,468 ബി.എൽ.ഒമാർ

സംസ്ഥാനത്ത് 95 ശതമാനം ഫോമുകളും വിതരണം ചെയ്തുവെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ കാര്യങ്ങളെല്ലാം സുഗമമാണ് എന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള കണക്കിലെ കളി മാത്രമാണിതെന്നാണ് സർവിസ് സംഘടനകൾ ആരോപിക്കുന്നത്. സംസ്ഥാനത്ത് ഇനിയും എന്യൂമറേഷൻ ഫോമുകള്‍ ലഭിക്കാത്ത ലക്ഷങ്ങളുണ്ട്. കേരളത്തിലെ 2.78 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ച് വോട്ടര്‍ പട്ടിക സമ്പൂർണമായി പരിഷ്‌കരിക്കാൻ കമീഷൻ നിയോഗിച്ചത് 24,468 ബി.എൽ.ഒമാരെയാണ്. ശരാശരി 1150ലധികം വോട്ടര്‍മാരെ ഒരു ബി.എൽ.ഒ പല തവണ നേരിട്ട് കാണണം. നവംബര്‍ നാലിന് ആരംഭിച്ച എസ്‌.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൈവരുന്നത് നവംബര്‍ ഒമ്പതിന് ശേഷം മാത്രമാണ്.

ക്രമീകരണം അതികഠിനം

ബൂത്തിലേക്ക് ആവശ്യമായ മുഴുവൻ വോട്ടര്‍മാരുടെയും ഫോമുകള്‍ അച്ചടിച്ച് ബി.എൽ.ഒമാർക്ക് കൈമാറിയത് നവംബര്‍ ഒമ്പതിന് ശേഷം മാത്രമാണെന്ന് ബി.എൽ.ഒമാർ പറയുന്നു. ആദ്യം കിട്ടിയ 300 ഫോമുകൾ പല വീടുകളിലുള്ളവരുടേതാണ്. നാല് അംഗങ്ങളുള്ള വീട്ടിൽ ഒരാളുടേത് മാത്രമായിരിക്കും ആദ്യമെത്തിയ ബാച്ചിലുണ്ടാവുക. അടുത്ത ബാച്ചിലാണ് മറ്റുള്ളവർക്കുള്ളത് എത്തിയത്. ഫലത്തിൽ ഒരു വീട്ടിൽ തന്നെ പലവട്ടം പോകേണ്ടി വന്നതായി ബി.എൽ.ഒമാർ പറയുന്നു.

വീടുകൾക്ക് അനുസരിച്ച് ക്രമാനുഗതമായല്ല പട്ടിക. ഒന്നാം നമ്പർ വീട് ഒരു ഭാഗത്താണെങ്കിൽ രണ്ടാം നമ്പർ മറ്റൊരിടത്താകും. ഇതും ജോലി ദുഷ്കരമാക്കുകയാണ്. ബൂത്തിന്റെ പ്രാദേശികമായ പ്രത്യേകതകളോ ഭൂമിശാസ്ത്രപരമായ കിടപ്പോ പരിശോധിക്കാതെയാണ് നിർദേശങ്ങൾ. ഒരു ദിവസം പരമാവധി 50 ഫോമുകള്‍ മാത്രം വിതരണം ചെയ്യാൻ കഴിയുന്ന സാഹചര്യമാണെങ്കിലും 200-300 ഫോമുകള്‍ ദിവസം വിതരണം ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദേശം.

Tags:    
News Summary - Punishment if distribution is not completed; BLOs are pressured by issuing threat notices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.