രമേശ് ചെന്നിത്തല, വി.ഡി. സതീശൻ

‘സതീശനെ ബന്ധിപ്പിക്കാൻ തെളിവില്ല’-പുനർജനി കേസിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല; കാപ്പ പ്രതിയായ ബി.ജെ.പി കൗൺസിലറുടെ അവധി അപേക്ഷ റദ്ദാക്കി

തിരുവനന്തപുരം: 2018ലെ പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ ബന്ധിപ്പിക്കുന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

പിണറായി സർക്കാറിന്റെ കാലത്താണ് കേസിൽ അന്വേഷണം നടന്നത്. തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ മനസ്സിലാകാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാത്രമാണ്. മുൻ മുഖ്യമന്ത്രി എന്തുകൊണ്ടാണ് കേസ് സി.ബി.ഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് വിടാതിരുന്നതെന്നും ചെന്നിത്തല ചോദിച്ചു.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പ്രളയബാധിത മേഖലകൾ സന്ദർശിച്ചിരുന്നു. മുമ്പ് പ്രളയമുണ്ടായപ്പോൾ പിണറായിയും താനും ഹെലികോപ്റ്ററിൽ സന്ദർശനം നടത്തിയിരുന്നു. അപ്പോൾ പോലും അദ്ദേഹം ഒരിടത്തും താഴെയിറങ്ങിയിരുന്നില്ല. അതിശക്തമായ മഴക്കിടെ സതീശൻ സ്ഥലത്തെത്താതിരുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാനാണ്. അതേസമയം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി അവലോകന യോഗങ്ങൾ നടത്തിയിരുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയിലുള്ള ഉത്തരവ് റദ്ദാക്കിയതായി ആഭ്യന്തര മന്ത്രി അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പാണ് നേരത്തേ നടപടി സ്വീകരിച്ചിരുന്നത്. എന്നാൽ, സുഗതൻ അപേക്ഷ നൽകിയത് ആഭ്യന്തര വകുപ്പിനായിരുന്നു. ജയിൽ വകുപ്പിലേക്ക് നൽകിയ പരോൾ അപേക്ഷയുമായി ബന്ധപ്പെട്ടാണ് ആഭ്യന്തര വകുപ്പ് തദ്ദേശ വകുപ്പിനോട് അഭിപ്രായം ആരാഞ്ഞതാണ്. ഇതിന് മറുപടിയായി തദ്ദേശ വകുപ്പ് നൽകിയ കത്താണ് വിവാദങ്ങൾക്ക് കാരണമായത്.

കൗൺസിൽ യോഗത്തിൽ പങ്കെടുത്താൽ അംഗത്വം നഷ്ടപ്പെടില്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ആ കത്ത് ആഭ്യന്തര വകുപ്പ് സുഗതന് കൈമാറുകയായിരുന്നു. വിവാദമായതിനെത്തുടർന്ന് തദ്ദേശ വകുപ്പിലെ അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇത്. അത് തിരുത്തിയെന്നാണ് സർക്കാർ നിലപാട്.

എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റത്തിൽ സർക്കാർ ധൃതി കാട്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് തയാറാക്കിയിരുന്നു. സാധാരണയായി ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സീനിയോറിറ്റി ലിസ്റ്റ് ഒക്ടോബർ-നവംബർ മാസങ്ങളിലാണ് തയാറാക്കുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഒന്നാമത് അജിത്കുമാറും രണ്ടാമത് ശ്രീജിത്തുമായിരുന്നു. അജിത്കുമാറിന്റെ പേരിൽ സസ്പെൻഷൻ നിലനിന്നിരുന്നതിനാലാണ് അദ്ദേഹത്തിന് സീനിയോറിറ്റി പ്രകാരം സ്ഥാനക്കയറ്റം നൽകാൻ കഴിയാതെ പോയത്.

ആഭ്യന്തരവകുപ്പിന്റെ പുതിയ പദ്ധതിയായ മൈ പൊലീസ് സ്റ്റേഷൻ ആഗസ്റ്റ് 15 മുതൽ നടപ്പാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കലാണ് ലക്ഷ്യം. വേഗത്തിൽ തീരുമാനം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - പുനർജനി കേസിൽ സതീശനെ ബന്ധിപ്പിക്കാൻ തെളിവില്ല -രമേശ് ചെന്നിത്തല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.