ഇ-ലേലത്തില്‍ അപാകത; സംസ്ഥാനത്തെ ഡിപ്പോകളില്‍ കോടികളുടെ തടി നശിക്കുന്നു

പുനലൂര്‍: സംസ്ഥാന വനം വകുപ്പ് പുറമേക്കുള്ള ഏജന്‍സിയെ ഏല്‍പ്പിച്ച് തടി വില്‍പന ഇ-ലേലത്തിലൂടെ നടപ്പാക്കിയതോടെ കോടിക്കണക്കിന് രൂപയുടെ തടി വില്‍ക്കാനാകാതെ നശിക്കുന്നു. നല്ല തടി മാത്രം വിറ്റുപോകുമ്പോള്‍ അപാകതയുള്ളത് ആരും വാങ്ങാത്തതാണ് വില്‍പനയെ പ്രതികൂലമാക്കുന്നത്. സംസ്ഥാനത്തെ ആറ് തടിവില്‍പ്പന ഡിവിഷനുകളിലെ 25ലധികം ഡിപ്പോകളിലും ഡമ്പിങ് ഡിപ്പോകളിലുമാണ് തടി വില്‍പനയുള്ളത്. വനം വകുപ്പിന്‍െറ തടിയുടെയും മറ്റു വനവിഭവങ്ങളുടെയും വില്‍പന സംസ്ഥാന ഖജനാവിലേക്കുള്ള പണം വരവില്‍ പ്രധാന സ്രോതസ്സാണ്.

തടി വില്‍പനയിലെ സുതാര്യത ലക്ഷ്യമാക്കി 2014 നവംബര്‍ മുതലാണ് ഇ-ലേലം നടപ്പാക്കിയത്. വനം വകുപ്പിലെ കമ്പ്യൂട്ടര്‍ വിഭാഗത്തെ (എഫ്.എം.ഐ.എസ്) ഒഴിവാക്കി സംസ്ഥാനത്തിന് പുറത്തുള്ള എം.എസ്.ടി.സി എന്ന സ്ഥാപനത്തെ ഇ-ലേലത്തിന്‍െറ ചുമതല ഏല്‍പ്പിച്ചു. വില്‍ക്കുന്ന തടിയുടെ ദശാംശം എട്ട് ശതമാനം വനം വകുപ്പ് സ്ഥാപനത്തിന് പ്രതിഫലമായി നല്‍കണം. കൂടാതെ, ലേലത്തില്‍ പങ്കെടുക്കുന്ന കച്ചവടക്കാര്‍ വന്‍ തുക ഫീസ് നല്‍കി കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഈ ഇനത്തിലും വന്‍ തുകയാണ് കമ്പനിക്ക് ലഭിക്കുന്നത്.

ലേലം -കം ടെന്‍ഡര്‍ വ്യവസ്ഥയിലൂടെയാണ് നേരത്തേ വനം വകുപ്പ് തടി വിറ്റിരുന്നത്. ബന്ധപ്പെട്ട വില്‍പന വിഭാഗം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍മാരാണ് ലേല അധികാരി. ഇവരും കച്ചവടക്കാരും ഡിപ്പോകളില്‍ നേരിട്ടത്തെി തടി കണ്ടാണ് ലേലം ചെയ്തിരുന്നത്. എന്നാല്‍, ഇതില്‍ ചില ലേലാധികാരികള്‍ വിവേചനം കാട്ടുന്നതിലൂടെ കച്ചവടക്കാര്‍ക്ക് വിലക്കുറവില്‍ തടി ലഭിക്കുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് മാറ്റി ഇ-ലേലം നടപ്പാക്കിയത്. വില്‍ക്കാനുള്ള തടി ഉന്നത വനം വകുപ്പ് അധികൃതര്‍ ഏകദേശ വില നിശ്ചയിച്ച് ലോട്ട് തിരിച്ച് നല്‍കും. ഈ തടി ലേലം ചെയ്യുന്നത് കമ്പനിയാണ്. ഇ-ലേലത്തില്‍ നല്ല തടിക്ക് ഉയര്‍ന്ന വില ലഭിക്കുന്നുണ്ടെന്നാണ് വനം അധികൃതര്‍ പറയുന്നത്. എന്നാല്‍, മോശം തടി വിറ്റുപോകാതായി. ചെറിയ വളവോ കേടുപാടുകളോ ഉള്ളതാണ് വിറ്റുപോകാത്തത്. മുമ്പ് ഡി.എഫ്.ഒമാരുടെ വിവേചനാധികാരം ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്കായാലും ഇത്തരം തടി വില്‍ക്കുമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിന് കഴിയാത്തതാണ് തടി കെട്ടിക്കിടക്കാന്‍ കാരണം.

തിരുവനന്തപുരം, പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷനിലെ ഡിപ്പോകളില്‍ മാത്രം നൂറുകണക്കിന് ലോട്ട് തടി നശിക്കുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിലെ അച്ചന്‍കോവിലില്‍മാത്രം 230 ലോട്ട് തടി കെട്ടിക്കിടക്കുന്നെന്നാണ് അറിയുന്നത്. ഇത് 500 ഓളം മീറ്റര്‍ വരും. തേക്ക്, മരുതി തുടങ്ങിയ തടികളാണ് ഇതില്‍ കുടുതലും. ഇതിന് നാലുകോടി രുപയെങ്കിലും മതിപ്പുവില കണക്കാക്കുന്നു. പുനലൂര്‍ ഡിവിഷനിലെ കടയ്ക്കാമണ്‍, പത്തനാപുരം, കോന്നി, അരിക്കക്കാവ്, വീയപുരം തുടങ്ങിയ ഡിപ്പോകളിലും തടി വില്‍ക്കാനാകാതെയുണ്ട്. മഴയും വെയിലുമേറ്റ് നശിച്ചുകൊണ്ടിരിക്കുന്ന ഈ തടി ഇനി ലേലം ചെയ്താല്‍ ഉദ്ദേശിക്കുന്ന വില ലഭിക്കില്ല. സംസ്ഥാനത്തെ മറ്റ് ഡിപ്പോകളിലും സമാന സ്ഥിതിയാണുള്ളത്.

Tags:    
News Summary - punalur wood depot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.