പിണറായി വിജയൻ

ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നു; കേരള സർവകലാശാലയിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം വിലക്കാനുള്ള നീക്കത്തിനെതിരെ പിണറായി

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം വിലക്കാനുള്ള നീക്കത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

‘സർവകലാശാല കാമ്പസിൽ നിന്ന് രാഷ്ട്രീയത്തെയും രാഷ്ട്രീയബോധത്തെയും തുരത്താൻ ശ്രമിക്കുന്നത് ചോദ്യംചോദിക്കുന്ന തലമുറയെ ഭയക്കുന്നതുകൊണ്ടാണ്. രാജ്യത്തുയർന്നുവന്ന വിദ്യാർഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിലെന്ന് വ്യക്തം. ജനാധിപത്യവിരുദ്ധമായ ഈ തീരുമാനത്തിനു പുറകിലുള്ളവർ അതിൽ നിന്ന് പിന്തിരിയുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമെന്നുറപ്പാണ്. ​

18 വയസ്സ് തികയുന്ന ഒരു പൗരന് രാജ്യത്തിന്റെ ഭരണം നിർണയിക്കാനും സർക്കാറുകളെ തെരഞ്ഞെടുക്കാനുമുള്ള വോട്ടവകാശം നമ്മുടെ ഭരണഘടന നൽകുന്നുണ്ട്. രാജ്യത്തിന്റെ ഭാവി നിർണയിക്കാനായി വോട്ട് ചെയ്യാൻ പ്രാപ്തിയുള്ള യുവത്വത്തിന്, തങ്ങൾ പഠിക്കുന്ന കലാലയങ്ങളിൽ രാഷ്ട്രീയ ബോധത്തോടെ ചിന്തിക്കാനും സംഘടിക്കാനും പ്രതികരിക്കാനും അവകാശമില്ല എന്ന വാദം ഭരണഘടനാ വിരുദ്ധവും തികഞ്ഞ അരാഷ്ട്രീയതയുമാണ്’ -പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

കാമ്പസുകളെ ആശയ സംവാദങ്ങളുടെയും അവകാശ പോരാട്ടങ്ങളുടെയും കേന്ദ്രങ്ങളാക്കി നിലനിർത്തേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഭരണഘടനാപരമായ ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്ന ഇത്തരം ഉത്തരവുകൾക്കെതിരെ പൊതുസമൂഹം രംഗത്തുവരണമെന്ന് ആഹ്വാനം ചെയ്താണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം, കേരളത്തിലെ വിദ്യാർഥി തെരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. കേരള സർവകലാശാല 71ൽ 62, കണ്ണൂർ സർവകലാശാലയിൽ 77ൽ 53, പോളിടെക്നിക് 55ൽ 45, സ്കൂൾ പാർലമെന്റ് 699ൽ 604 എന്നിങ്ങനെ എസ്.എഫ്.ഐ വിജയിച്ചതായാണ് കുറിച്ചത്.

കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, വിദ്യാർഥികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും സാമൂഹിക നീതിക്കും വേണ്ടി കൂടുതൽ ശക്തമായി ഇടപെടാനുള്ള ഉത്തരവാദിത്തം വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭരണത്തിന്റെ യാഥാർഥ്യം ജനങ്ങൾ വിലയിരുത്തിത്തുടങ്ങിയിരിക്കുന്നുവെന്നും അതിന്റെ ആദ്യ പ്രതിഫലനങ്ങളിൽ ഒന്നാണ് കേരളത്തിന്റെ യുവമനസ്സുകളിൽ കാണുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.