തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികകളിലേക്ക് സ്വന്തക്കാരെ തിരുകിക്കയറ്റാൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് മാർക്കുകൾ ഒഴിവാക്കി കേരള പബ്ലിക് സർവിസ് കമീഷൻ. പി.എസ്.സി നടത്തുന്ന ഏറ്റവും ഉയർന്ന പരീക്ഷകളിലൊന്നായ ആസൂത്രണ ബോർഡ് ചീഫ് (പ്ലാൻ കോഓഡിനേഷൻ ഡിവിഷൻ), തസ്തികയിലാണ് ഇത്തവണ എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും ലഭിച്ച മാർക്കുകൾ മറച്ചുവെച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
ഒരു ഒഴിവിലേക്കായി 269 പേർ പരീക്ഷ എഴുതിയപ്പോൾ റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയത് നിലവിൽ ആസൂത്രണ ബോർഡിലെ തന്നെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന റിസർച്ച് ഓഫിസർമാരാണ്. 1,23,700-1,66,800 ശമ്പള സ്കെയിലിലാണ് നിയമനം. റാങ്ക് ലിസ്റ്റിനെതിരെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ. ഇതിനൊപ്പം പ്രസിദ്ധീകരിച്ച ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയുടെ റാങ്ക് ലിസ്റ്റിലും മാർക്കുകൾ രേഖപ്പെടുത്തിയിട്ടില്ല.
2019ലും ആസൂത്രണ ബോർഡിലെ നിയമനങ്ങളിൽ സമാന ആരോപണം പി.എസ്.സി നേരിട്ടിരുന്നു. അന്ന് എഴുത്തുപരീക്ഷയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥികളെ വെട്ടിയൊതുക്കി, പിന്നിലായിപ്പോയ ആസൂത്രണ ബോർഡിലെ ഇടത് അനുഭാവികളായ മൂന്ന് ഉദ്യോഗസ്ഥർക്ക് നിയമനം ഉറപ്പാക്കുന്നതിനായി മുൻ പി.എസ്.സി ചെയർമാൻ എം.കെ. സക്കീറിന്റെ നേതൃത്വത്തിൽ അഭിമുഖത്തിന് ഉയർന്ന മാർക്ക് നൽകിയെന്നായിരുന്നു പരാതി.
ചീഫ് (സോഷ്യൽ സർവിസ്), ചീഫ് (പ്ലാൻ കോഓഡിനേഷൻ), ചീഫ് (ഡീ സെൻട്രലൈസ്ഡ് പ്ലാനിങ്) എന്നിവയുടെ റാങ്ക് പട്ടികകൾക്കെതിരെയായിരുന്നു ആക്ഷേപം. എഴുത്തുപരീക്ഷയിൽ നേടുന്ന മാർക്കിന്റെ 12.2 ശതമാനമേ അഭിമുഖ പരീക്ഷയിൽ നൽകാവൂവെന്ന സുപ്രീംകോടതി വിധി നിലനിൽക്കെ, കെ.ജി.ഒ.എ സംസ്ഥാന നേതാവിനും ആസൂത്രണ ബോർഡിലെ രണ്ട് ജീവനക്കാർക്കും 90 മുതൽ 95 ശതമാനം വരെ മാർക്ക് അഭിമുഖത്തിന് നൽകുകയായിരുന്നു. നിയമനങ്ങൾക്കെതിരെ ഉദ്യോഗാർഥികൾ സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഓരോ ഉദ്യോഗാർഥിക്കും എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും ലഭിച്ച മാർക്ക് റാങ്ക് ലിസ്റ്റിൽ പ്രത്യേകം നൽകിയതാണ് അന്ന് പി.എസ്.സിയെ വെട്ടിലാക്കിയത്. ഇത്തവണ അത്തരം വിവാദങ്ങളും പരാതികളും ഒഴിവാക്കുന്നതിനുവേണ്ടിയാണ് റാങ്ക് ലിസ്റ്റിൽ നിന്ന് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ഒഴിവാക്കിയതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
2019ലെ പി.എസ്.സിയുടെ അഭിമുഖ മാർക്കിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവരെ ഇത്തവണ എഴുത്തുപരീക്ഷയിൽ തന്നെ വെട്ടിയൊതുക്കി റാങ്ക് ലിസ്റ്റിൽ നിന്ന് പുറത്താക്കിയതായും പരാതി ഉയർന്നിട്ടുണ്ട്. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ പരിശോധനക്കായി ആവശ്യപ്പെട്ടിരിക്കുകയാണ് ഉദ്യോഗാർഥികൾ.
സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് ആറുവർഷം മുമ്പ് പി.എസ്.സി നടത്തിയ ചീഫ് (സോഷ്യൽ സർവിസ്) തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയിൽ 200 ൽ 91.75 മാർക്ക് നേടി പട്ടികജാതിക്കാരി പി.ജെ. സൗമ്യ ഒന്നാമതെത്തി. എന്നാൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ ഒപ്പമിരുത്തി പി.എസ്.സി മുൻ ചെയർമാൻ നടത്തിയ അഭിമുഖ പരീക്ഷയിൽ സൗമ്യക്ക് ലഭിച്ചത് 40ൽ 11 മാർക്ക്.
അതേസമയം എഴുത്തുപരീക്ഷയിൽ സൗമ്യക്ക് പിന്നിൽ രണ്ട്, മൂന്ന്, അഞ്ച് സ്ഥാനങ്ങളിലെത്തിയ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവിനും ആസൂത്രണ ബോർഡിലെ രണ്ട് കരാർ ജീവനക്കാർക്കും ലഭിച്ചത് 36 മാർക്ക്. ഇതോടെ, ഒന്നാം സ്ഥാനക്കാരി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചീഫ് (ഡീസെൻട്രലൈസ്ഡ് പ്ലാനിങ്) തസ്തികയിലെ എഴുത്തുപരീക്ഷയിൽ 200ൽ 52.50 മാർക്ക് നേടിയയാളെ മുന്നിലെത്തിക്കാൻ അഭിമുഖത്തിന് നൽകിയത് 40ൽ 38 മാർക്ക്. പി.എസ്.സിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അഭിമുഖ മാർക്കാണ് ഇടത് സംഘടന നേതാവിനും പ്രവർത്തകർക്കും നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.