എ.കെ.ജി സെന്റർ
എ.കെ.ജി സെന്ററിന്റെ ഭൂമി നാളെ അളക്കും
തിരുവനന്തപുരം: വർഷങ്ങളായി നീണ്ടുനിൽക്കുന്ന വിവാദങ്ങൾക്കൊടുവിൽ എ.കെ.ജി സെന്റർ പ്രവർത്തിക്കുന്ന ഭൂമി നാളെ അളക്കും. ഹൈകോടതി ഉത്തരവ് പ്രകാരം നാളെ രാവിലെ പത്ത് മണിക്കാണ് ഭൂമിയുടെ അളവെടുപ്പ്. ഇതുസംബന്ധിച്ച് സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസിൽദാർക്ക് ഭൂമി അളക്കാൻ അടിയന്തിര നിർദ്ദേശം നൽകി.
1977ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി കേരള സർവകലാശാലയുടെ ഭൂമി അനുവദിച്ചത്. എന്നാൽ, അനുവദിച്ച ഭൂമിയിൽ പഠന ഗവേഷണ കേന്ദ്രം തുടങ്ങാതെ, സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ 'എകെജി സെന്റർ' ആയി പ്രവർത്തിപ്പിച്ചത് നിയമവിരുദ്ധമാണെന്നും, സർവ്വകലാശാല ഭൂമി അനധികൃതമായി കൈയ്യേറിയാണ് സെന്റർ നിർമിച്ചതെന്നും, പ്രസ്തുത ഭൂമി സർവകലാശാലക്ക് തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ.എസ്. ശശികുമാർ ഹൈകോടതിയെ സമീപിച്ചിരുന്നു.
ഇതുപ്രകാരം, രണ്ട് സർവേ നമ്പറുകളിലായി എകെജി സെന്ററിന്റെ കൈവശമുള്ള ഭൂമി അളക്കാനാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്. സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ആർ.എസ്. ശശികുമാറിന് വേണ്ടി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം നൽകിയ ഹരജിയിലാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദ്ദേശം നൽകിയത്.
നാളെ രാവിലെ പത്ത് മണിക്ക് നടക്കുന്ന ഭൂമി അളവെടുപ്പ് സർവേയിൽ സർവകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികൾ ഹാജരാകണമെന്ന് കാണിച്ച് സർവകലാശാല രജിസ്ട്രാർക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും റവന്യൂ അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ, സിപിഎം സെക്രട്ടറി, കേരള ഗവർണർ, കേരള സർവകലാശാല, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവരാണ് ഹരജിയിലെ എതിർ കക്ഷികൾ.
നേരത്തെ, 1992ൽ കോൺഗ്രസ് നേതാവായിരുന്ന ചെറിയാൻ ഫിലിപ്പ് നൽകിയ പരാതിയെത്തുടർന്ന് അന്നത്തെ വൈസ് ചാൻസലർ ഡോ. ജെ.വി. വിളനിലം ഭൂമി അളക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ വ്യാജ ഡിഗ്രി ആരോപണമുന്നയിച്ച് ഓഫീസിൽ പോലും പ്രവേശിക്കാൻ അനുവദിക്കാതെ ഉപരോധം സൃഷ്ടിച്ചതോടെ അന്ന് ഭൂമി അളക്കാനുള്ള നീക്കം സർവകലാശാലക്ക് ഉപേക്ഷിക്കേണ്ടിവന്നു.
ഇതേ ആവശ്യം ഉന്നയിച്ച് ആർ.എസ്. ശശികുമാർ നൽകിയ പരാതി നിലവിലെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സിൻഡിക്കേറ്റിൽ ചർച്ച ചെയ്യുകയും, സർവകലാശാലയുടെ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഭൂമി അളക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന വാദങ്ങൾക്കൊടുവിലാണ് സർവകലാശാലക്ക് അനുകൂലമായ വിധി കോടതി പുറപ്പെടുവിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.