നിർമാണ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചയുണ്ടായി, മറച്ചുവെക്കാനാവില്ല, ഉദ്യോ​ഗസ്ഥർ വിവരമറിയിച്ചില്ലെന്നും മന്ത്രി ഒ.ജെ. ജനീഷ്

തൃശൂർ: സംസ്ഥാന സ്‌കൂൾ കായികമേളക്കിടെ തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലുണ്ടായ അപകടത്തിൽ നിർമാണ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് കായികമന്ത്രി ഒ.ജെ. ജെനീഷ്. അപകടത്തിന് പിന്നാലെ വേദി സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വീഴ്ചകൾ മറച്ചുവെക്കാനാവില്ലെന്നും ഉദ്യോഗസ്ഥ തലത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ചെറിയ മത്സരങ്ങൾ നടക്കുന്ന വേദികളിൽ സാധാരണയായി വലിയ രീതിയിലുള്ള സംഘാടനമുണ്ടാകാറില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ഡി.ഡി.ഇ വിളിച്ചുചേർത്ത യോഗത്തിൽ അധ്യാപക സംഘടനകളാണ് മേളയുടെ നടത്തിപ്പ് ഉത്തരവാദിത്തം ഏറ്റെടുത്തത്. സ്പോർട്സ് കോ-ഓർഡിനേറ്റർമാരായ അധ്യാപകർ നേതൃത്വം നൽകുന്ന 'ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റി'യെയാണ് പന്തൽ നിർമാണം ഏൽപ്പിച്ചിരുന്നത്. ഈ കമ്മിറ്റിക്ക് സംഭവിച്ച വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിർമാണത്തിലെ അപാകതകളോ മറ്റ് വിവരങ്ങളോ ഉദ്യോഗസ്ഥർ ജില്ലാ കലക്ടറെയോ മന്ത്രിയെയോ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, തൃശൂരിൽ നാല് കായിക ഇനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അതിനാൽ വിപുലമായ സംഘാടകസമിതിയുടെ ആവശ്യമില്ലെന്നുമുള്ള മന്ത്രിയുടെ വാദം ഇതിനകം വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മത്സരങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും കോഴിക്കോട് വെച്ചുനടന്ന സംഘാടകസമിതി യോഗത്തിൽ താൻ പങ്കെടുത്തിരുന്നതായും മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. കൂടാതെ, ഗ്രൗണ്ടുകൾക്കും മറ്റ് അനുബന്ധ ആവശ്യങ്ങൾക്കുമായി സംഘാടകർ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം കെട്ടിവെച്ച് തടിയൂരാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.

Tags:    
News Summary - 'Construction Lapse Cannot Be Hidden': Minister O.J. Jeneesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.