പി.എസ്.സി പരീക്ഷ ക്രമക്കേട്: ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു, പരാതിക്കാരുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലെ പരീക്ഷ മൂല്യനിർണയ ക്രമക്കേടിൽ പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു. പരാതി ഉന്നയിച്ചവരെ പി.എസ്.സി ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്തു. മൂല്യനിർണയത്തിൽ ക്രമക്കേട് നടന്നതായാണ് ഉദ്യോഗാർഥികൾ വെളിപ്പെടുത്തിയത്. ഇതിന് അടിസ്ഥാനമായ രേഖകളും ഹാജരാക്കി. മൊഴിയെടുക്കൽ ഇന്നും തുടരും.

എസ്.പി സിനി എഫ്. ഡെന്നീസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. ആഭ്യന്തര വിജിലൻസ് എസ്.പി അന്വേഷണം നടത്തുമെന്ന പി.എസ്.സി ബോർഡ് തീരുമാനം അട്ടിമറിച്ച് പരീക്ഷ കൺട്രോളർക്ക് കൈമാറാൻ ചെയർമാൻ നടത്തിയ ശ്രമം വിവാദമായിരുന്നു. ആസൂത്രണ ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോഓഡിനേഷൻ ഡിവിഷൻ, ചീഫ് പെഴ്സ്പെക്ടിവ് പ്ലാനിങ് ഡിവിഷൻ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ ഒന്നാംപേപ്പറിൽ ഇകണോമിക്സ് വിഷയത്തിന്‍റെ മൂല്യനിർണയത്തിലാണ് ക്രമക്കേട് നടന്നത്. 228 ഉത്തരക്കടലാസുകളിലെ 10 മുതൽ 18 വരെയുള്ള ചോദ്യങ്ങളും 177 എണ്ണത്തിലെ ഒമ്പതാംനമ്പർ ചോദ്യവും ഓൺ സ്ക്രീൻ മാർക്കിങ് നടത്തിയില്ല.

ആദ്യ രണ്ടു തസ്തികകളിലേക്ക് മാർക്ക് ലിസ്റ്റ് പോലും പുറത്തുവിടാതെ റാങ്ക്ലിസ്റ്റ് തയാറാക്കി നിയമനവും നൽകി. വിഷയം വിവാദമായതോടെ സാങ്കേതിക പിഴവ് സംഭവിച്ചതായി പി.എസ്.സി സമ്മതിച്ചിരുന്നു. ഉദ്യോഗാർഥിയുടെ പരാതിയിൽ മാർക്ക് ലിസ്റ്റുകളടക്കം പരീക്ഷ രേഖകൾ ഏഴു ദിവസത്തിനകം നൽകാൻ വിവരാവകാശകമീഷൻ ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു കേസിൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സർക്കാറിനോടും പി.എസ്.സിയോടും ഒന്നാംറാങ്കുകാരോടും വിശദീകരണം തേടിയിരിക്കുകയാണ്. മൂന്നാഴ്ച കഴിഞ്ഞ് കേസ് ട്രൈബ്യൂണൽ പരിഗണിക്കും.

എസ്.ഐ.ടി രൂപവത്കരിച്ചു

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേട് അന്വേഷണം ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് ഡി.ജി.പി ഉത്തരവിറക്കി. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ആസ്ഥാനത്തെ ഐ.ജി എസ്. അജീതാബീഗം സംഘത്തിന് നേതൃത്വം നൽകും.

എൻ.ആർ.ഐ സെൽ എ.സി.പി സക്കറിയ മാത്യു, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌.പി ജി. അജയനാഥ് എന്നിവരാണ് അംഗങ്ങൾ. അന്വേഷണസംഘം രണ്ടാഴ്ചയിലൊരിക്കൽ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ പ്രത്യേക സംഘത്തിലുൾപ്പെടുത്തും.

ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവിറങ്ങി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേട് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ ആരോപണങ്ങൾ അന്വേഷിക്കാനാണ് നിർദേശം. റിപ്പോർട്ട് സമയബന്ധിതമായി സർക്കാറിന് സമർപ്പിക്കണം. തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തി.

അഴിമതി നിരോധന നിയമം സെക്ഷൻ 17 എ പ്രകാരം അന്വേഷണ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ സർക്കാറിന് കത്ത് നൽകിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അഭിപ്രായം കൂടി പരിഗണിച്ച് സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചതായും ഉത്തരവിൽ പറയുന്നു. ബുധനാഴ്ച മന്ത്രിസഭ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. ആസൂത്രണ ബോർഡ് ചീഫ് തസ്തികകളിലെ പരീക്ഷ മൂല്യനിർണയം അടക്കം മുഖ്യമന്ത്രിക്കു ലഭിച്ച എല്ലാ പരാതികളും അന്വേഷിക്കും. കെ.എ.എസ് പരീക്ഷയും അന്വേഷണ പരിധിയിൽ വരുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags:    
News Summary - PSC exam irregularities: Internal vigilance investigation launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.